പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലം പൂര്‍ണ സജ്ജം. മണ്ഡലത്തില്‍ ആകെ 14,29,700 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 6,83,307 പുരുഷന്‍മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗവിഭാഗക്കാരുമുണ്ട്.പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1,437 ബൂത്തുകളാണുള്ളത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ആകെ 1,783 ബാലറ്റ് യൂണിറ്റ്, 1,773 കണ്ട്രോള്‍ യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ (25) നടക്കും.26 രാവിലെ 5.30 ന് മോക്പോള്‍ നടക്കും. പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30 ന് മുന്‍പായി ബൂത്തുകളിലെത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടിംഗ്. ബൂത്തുകളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരം ആറു വരെ വരിയില്‍ എത്തിയവര്‍ക്ക് സ്ലിപ്പ് നല്‍കി സമ്മതിദാനാവകാശം രേഖപെടുത്താനാകും. പോളിംഗിനുശേഷം വോട്ടിംഗ് മെഷീനുകള്‍ അതാതു വിതരണ സ്വീകരണ കേന്ദ്രത്തില്‍ നിന്ന് വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിച്ച് പ്രത്യേകം സജ്ജീകരിച്ച സ്ട്രോംങ് റൂമുകളില്‍ സൂക്ഷിക്കും. ജൂണ്‍ നാലിന് സ്‌കൂളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും.എല്ലാ പോളിംഗ് സ്റ്റേഷനിലും സുരക്ഷസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഡ്, റാമ്പുകള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസൗകര്യങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, സെക്ടര്‍ അസിസ്റ്റന്റുമാര്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സക്ഷം ആപ്പ് മുഖേന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വീല്‍ചെയറുകള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.പോളിംഗ് ദിവസം ജില്ലാ കളക്ടറേറ്റിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളിലും വിപുലമായ കണ്ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ പരിധിക്കു പുറത്തുള്ള ഗവി, മൂഴിയാര്‍, ആവണിപ്പാറ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളില്‍ വിവര വിനിമയത്തിനു വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.എം.എസ് മുഖേനയും ഫോണ്‍ മുഖേനയും പോളിംഗ് പുരോഗതി സമാന്തരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സി-വിജിലിലൂടെ ലഭിച്ച 10,772 പരാതികളില്‍ 10,559 എണ്ണത്തിലും പരിഹാരം കണ്ടു. 169 പരാതികള്‍ കഴമ്പില്ലെന്ന് കണ്ട് ഉപേക്ഷിച്ചു. നാല് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തില്‍ പത്തനംതിട്ട മണ്ഡലത്തിനു പുറത്തു നിന്ന് ഇവിടെ പ്രചാരണത്തിന് എത്തിയിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും മണ്ഡലം വിട്ടു പോകേണ്ടതാണ്. ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here