കാലടി : മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം. ടൂറിസ്റ്റ് കേന്ദ്രമായ മൂളങ്കുഴി മഹാഗണിത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടമെത്തിയത്. പെരിയാർ നദി മുറിച്ച് കടന്നുവരുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. 20 ഓളം ആനകൾ കൂട്ടത്തിലുണ്ട്. തിങ്കൾ ഉച്ചയോടെയാണ് വനപാലകർ ആനക്കൂട്ടത്തെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ആനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റി വിട്ടു. 

കഴിഞ്ഞ ഞായർ വൈകിട്ട് മലയാറ്റൂർ കുരിശ് മുടി തീർത്ഥാടന പാതയിൽ മൂന്ന് ആനകളെ കണ്ടിരുന്നു. ശനിയാഴ്ച മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കരകയറ്റിയത്. പ്രദേശത്ത് വർഷങ്ങളായി കാട്ടാന ശല്യം നിലനിൽക്കുന്നുണ്ടന്ന് ജനങ്ങൾ പറഞ്ഞു. മലയാറ്റൂർ തീർഥാടനം ആരംഭിച്ച സമയത്താണ് പ്രദേശത്ത് ആനകളെ കാണുന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ജനങ്ങൾ ഭയപ്പെടെണ്ട കാര്യമില്ലന്നും കൂടുതൽ വനപാലകരെ തീർത്ഥാടന പാതയിൽ വിന്യസിക്കുമെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here