കൊച്ചി : രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ (57) ആണ് ഇന്ന് പുലർച്ചെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ മരിച്ചത്. അന്ന് കടിയേറ്റ 13 പേരിൽ ഒരാളാണ് പത്രോസ് പോളച്ചൻ.പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരൻ വീട്ടിൽ പോളച്ചൻ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു. ആലുവ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പോളച്ചന്‍ ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്. നായ കടിക്കുന്നവർക്ക് സാധാരണ നൽകുന്ന വാക്സിൻ പോളച്ചൻ എടുത്തിരുന്നു. പോളച്ചനെയും മറ്റും കടിച്ച നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത് മുതൽ ഭീതിയിലായിരുന്നു കടിയേറ്റവർ. രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് ആയത്ത്പടി നിത്യസഹായമാതാ പള്ളിയിൽ. ഭാര്യ എൽസി. റിജോ, റിന്റോ എന്നിവരാണ് മക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here