കൊച്ചി : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ച സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പു ഹർജി നൽകുകയാണ് ഇക്കാര്യത്തിൽ‍ പോംവഴിയെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ വി.ജി.അരുൺ, എസ്.മനു എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്. പത്രിക സ്വീകരിച്ചെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ആദായനികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു കമ്മിഷനും വ്യക്തമാക്കിയിരുന്നു.

പരാതിയിൽ 2 ദിവസത്തിനകം തീരുമാനം ആവശ്യപ്പെട്ടായിരുന്നു ആവണി ബെൻസാൽ, ബെംഗളൂരു സ്വദേശി രഞ്ജിത് തോമസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. രാജീവ് ചന്ദ്രശേഖർ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നൽകിയിട്ടും വരണാധികാരി നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങൾ നൽകിയില്ലെന്നും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്നും ഹർജിയിൽ പറയുന്നു.സൂക്ഷ്മപരിശോധന സമയത്തു ലഭിക്കുന്ന പരാതികൾ പരിഗണിച്ചു വേണം പത്രിക സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കാൻ എന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത് എന്നും ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ഇത് തെറ്റാണെന്നും ഹർജിക്കാരിയായ ആവണി ബെന്‍സാൽ വാദിച്ചു. തനിക്ക് ഇന്നലെ, തിങ്കളാഴ്ച, മാത്രമാണ് പരാതി ആദായ നികുതി വകുപ്പിന് വിട്ടുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചതെന്നും ഇത് മനഃപൂർ‍വം വൈകിപ്പിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. തുടർന്നാണ് ഈ സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം തിരഞ്ഞെടുപ്പു ഹർജി നല്‍കാമെന്ന് കോടതി വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here