2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ തങ്ങളുടെ ഇമെയിൽ സർവീസായ ജിമെയിലിന് തുടക്കമിട്ടത്. ലോകവ്യാപകമായി 180 കോടി ഉപയോക്താക്കളാണ് ഇന്ന് ജിമെയിലിനുള്ളത്. ലോകത്തെ ഇമെയിൽ ഉപയോക്താക്കളിൽ 27 ശതമാനം പേരും ജിമെയിലിനെയാണ് ഇന്ന് ആശ്രയിക്കുന്നത്. 

ഇരുപതു വർഷം മുമ്പ്, മറ്റ് ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജിമെയിലിന് തുടക്കമിട്ടത്. അന്നേ ദിവസം ഗൂഗിളിന്റെ തൊഴിലിനായുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഗൂഗിളിന്റെ ഇന്നത്തെ സി ഇ ഒ സുന്ദർ പിച്ചൈ പോലും അതൊരു ഏപ്രിൽ ഫൂളാക്കലാണെന്നാണ് കരുതിയത്. ഗൂഗിളിന്റെ ഡെവലപ്പറായിരുന്ന ഇരുപത്തിയാറുകാരൻ പോൾ ബുഹെറ്റ് ആയിരുന്നു ജിമെയിലിന്റെ സൃഷ്ടാവ്. ഗൂഗിളിന്റെ പല ഉൽപന്നങ്ങളും സേവനങ്ങളും ഏകോപിച്ചുകൊണ്ടായിരുന്നു ജിമെയിലിന്റെ നിർമ്മിതി. ആദ്യം 100 എം ബി സ്റ്റോറേജ് സ്‌പേസ് ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഒരു ജിബിയാക്കി മാറ്റുകയായിരുന്നു.

ഗൂഗിളിന്റെ ജീവനക്കാർക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചശേഷമാണ് 2004ൽ പൊതുജനങ്ങൾക്കായി ജിമെയിൽ അവതരിപ്പിച്ചത്. ഇന്ന് 180 ലക്ഷം ഉപയോക്താക്കളാണ് ജിമെയിലിനുള്ളത്. പുതിയ ഫീച്ചറുകളുമായി ജിമെയിലിനെ ഗൂഗിൾ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള നിരവധി ഫീച്ചറുകൾ ഇന്ന് ജിമെയിലിനുണ്ട്. മെയിലുകൾ എഴുതുന്നത് അനായാസമാക്കാനുള്ള ഹെൽപ് മീ റൈറ്റ്, സ്മാർട്ട് കംപോസ്, സ്മാർട്ട് റിപ്ലേ, ടാബ്ഡ് ഇൻബോക്‌സ്, സമ്മറി കാർഡ്‌സ്, മറുപടി അയക്കാൻ മറക്കാതിരിക്കാൻ നഡ്ജിങ് തുടങ്ങി ഫീച്ചറുകളുടെ കളിയാണ് ജിമെയിലിൽ. സ്റ്റോറേജ് സ്‌പേസാകട്ടെ 15 ജി ബി ആക്കി വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here