തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്ക്‌ പൂട്ടിടാൻ സംസ്ഥാനത്ത്‌ പൊലീസിന്റെ നേതൃത്വത്തിലുള്ള ‘സൈ ഹണ്ട്‌’ ഡ്രൈവിൽ പിടിയിലായത്‌ 187 പേർ. സൈബർ പൊലീസ്‌ പട്ടികയിലുള്ള ഇരുനൂറിലധികം കുറ്റവാളികളെ ജില്ലാ പൊലീസ്‌ മേധാവികളുടെ നേതൃത്വത്തിലാണ്‌ വലയിലാക്കുന്നത്‌. ഏപ്രിൽ 15നു മുമ്പ്‌ പട്ടികയിലുള്ള മുഴുവനാളുകളെയും പിടികൂടും.

2023ൽ മാത്രം ഓൺലൈൻ തട്ടിപ്പിലൂടെ രാജ്യത്ത്‌  7488.64 കോടി രൂപയുടെയും സംസ്ഥാനത്ത്‌ 201.79 കോടി രൂപയുടെയും തട്ടിപ്പ്‌ നടന്നെന്നാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെ ആരംഭിച്ച ‘1930’ സൈബർ ഹെൽപ്പ്‌ലൈൻ വഴിവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കണക്ക്‌ തയ്യാറാക്കിയത്‌.വീട്ടിലിരുന്ന്‌ പണമുണ്ടാക്കാമെന്നു പറയുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം  ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ് മിക്കവരുടെയും പണം നഷ്ടമായത്‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സൈ ഹണ്ടിന്‌ സമാനമായ ഡ്രൈവുണ്ട്‌. വിവരങ്ങൾ പരസ്‌പരം കൈമാറിയാണ്‌ പ്രതികളെ പിടികൂടുന്നത്‌. രാജ്യത്തിനു പുറത്തുള്ള ബാങ്ക്‌ അക്കൗണ്ടുകൾവഴിയും തട്ടിപ്പുകളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here