ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിയിലായ ബിജെപി പ്രചാരണവിഷയങ്ങൾ അടിക്കടി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആറാം ഘട്ടത്തിന്റെ പരസ്യപ്രചാരണം സമാപിച്ചു. ഏഴു സംസ്ഥാനത്തും ജമ്മു -കശ്‌മീരിലെ അനന്ത്‌നാഗ്‌– രജൗരിയിലുമായി 58 മണ്ഡലത്തിൽ ശനിയാഴ്‌ച വോട്ടെടുപ്പ്‌ നടക്കും. 2019ൽ 58ൽ 45 ഇടത്തും ജയിച്ച ബിജെപിയും സഖ്യകക്ഷികളും ഇത്തവണ കനത്ത വെല്ലുവിളി നേരിടുന്നു.

ഹരിയാനയിൽ പത്തും ഡൽഹിയിൽ ഏഴുമായി 2019ൽ ബിജെപി തൂത്തുവാരിയ 17 മണ്ഡലവും ശനിയാഴ്‌ച ബൂത്തിലെത്തും. കർഷക രോഷവും ഭരണവിരുദ്ധവികാരവും ഹരിയാനയിൽ പ്രകടമാണ്‌. ഡൽഹി മണ്ഡലങ്ങളിൽ ഇക്കുറി എഎപി–-കോൺഗ്രസ്‌ സ്ഥാനാർഥികൾ അതിശക്തമായി മത്സരരംഗത്തുണ്ട്‌. ഉത്തർപ്രദേശിൽ 14, ബംഗാളിലും ബിഹാറിലും എട്ടുവീതം, ഒഡിഷയിൽ ആറ്‌, ജാർഖണ്ഡിൽ നാലുവീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ നടക്കും.

ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി (അനന്ത്‌നാഗ്‌–-രജൗരി), ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (കർണാൽ), കോൺഗ്രസ്‌ നേതാവ്‌ ദീപേന്ദ്രസിങ്‌ ഹൂഡ (റോത്തക്ക്‌), മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി (സുൽത്താൻപുർ, യുപി), കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ (സാംബൽപുർ, ഒഡിഷ), സമാജ്‌വാദി പാർടി നേതാവ്‌ ധർമേന്ദ്ര യാദവ്‌ (അസംഗഢ്‌), ന്യൂഡൽഹിയിൽ മത്സരിക്കുന്ന സോമനാഥ്‌ ഭാരതി (എഎപി), ബൻസൂരി സ്വരാജ്‌ (ബിജെപി), കനയ്യകുമാർ (വടക്കുകിഴക്കൻ ഡൽഹി) എന്നിവർ ഈ ഘട്ടത്തിലാണ്‌ ജനവിധി തേടുന്നത്‌. ബംഗാളിൽ ഇടതുമുന്നണി സ്ഥാനാർഥികളായ സയൺ ബാനർജി (തംലൂക്ക്‌), നീലാഞ്ജൻ ദാസ്‌ഗുപ്‌ത (ബാങ്കുര), ശീതൽ ചന്ദ്ര (ബിഷ്‌ണുപുർ) സോനാമണി മുർമു (ജാർഗ്രാം) എന്നിവർ പ്രചാരണത്തിൽ മുന്നേറി.

LEAVE A REPLY

Please enter your comment!
Please enter your name here