തിരുവനന്തപുരം: കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗാള്‍, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തു. 96 പന്തുകള്‍ ശേഷിക്കേ, 132 റണ്‍സ് വേണം ബംഗാളിന് ജയിക്കാന്‍. ആദ്യ ഇന്നിങ്‌സില്‍ ബംഗാളിന്റെ ഒന്‍പതു പേരെ മടക്കിയയച്ച ജലജ് സക്‌സേനയാണ് രണ്ടാം ഇന്നിങ്‌സിലെയും ഹീറോ. നാല് വിക്കറ്റുകള്‍ക്കൂടി താരം നേടി.രണ്ടാം ഇന്നിങ്‌സില്‍ ആറിന് 265 റണ്‍സെന്ന നിലയില്‍ കേരളം ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ 449 റണ്‍സായി ബംഗാളിന്റെ വിജയലക്ഷ്യം. മൂന്നാംദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്ത ബംഗാള്‍, നാലാംദിനം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മത്സരം ജയിച്ചാല്‍ ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയമായിരിക്കും ഇത്.ശഹ്ബാസ് അഹ്‌മദിന്റെ കരുത്തിലാണ് ബംഗാള്‍ സ്‌കോര്‍ 300 കടന്നത്. 86 പന്തില്‍ 74 റണ്‍സുമായി ക്രീസിലുണ്ട് ശഹ്ബാസ്. സുരാജ് സിന്ധു ജയ്‌സ്വാളാണ് കൂടെയുള്ളത്. അഭിമന്യു ഈശ്വരന്‍ (65), കരണ്‍ ലാല്‍ (40), ക്യാപ്റ്റന്‍ മനോജ് തിവാരി (35), സുദീപ് കുമാര്‍ ഖരാമി (31), അഭിഷേക് പോറല്‍ (28), അന്‍സ്തുപ് മജുംദാര്‍ (16), രഞ്ജത് സിങ് ഖൈറ (2) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. കേരളത്തിനുവേണ്ടി ശ്രേയസ് ഗോപാല്‍ രണ്ടും നെടുമണ്‍കുഴി ബാസില്‍ ഒന്നും വിക്കറ്റുകള്‍ നേടി.363 റണ്‍സായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഇതിനെതിരേ 180 റണ്‍സാണ് ബംഗാളിന് നേടാനായത്. ഇതോടെ കേരളം 183 റണ്‍സിന്റെ ലീഡ് നേടി. ജലജ് സക്‌സേനയുടെ ഒന്‍പത് വിക്കറ്റ് നേട്ടമാണ് ബംഗാളിനെ തകര്‍ത്തത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം ആറു വിക്കറ്റിന് 265 റണ്‍സില്‍ എത്തി നില്‍ക്കേ ഡിക്ലയര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here