തൃശൂര്‍: പ്രമുഖ മലയാളനടനും ബിജെപി എംപിയുമായ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിന്.

കനത്ത സുരക്ഷാവലയത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും. കാര്‍മാര്‍ഗ്ഗം ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ എത്തി അവിടെ വിശ്രമിച്ച ശേഷമാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.

രണ്ടു മണിക്കൂറാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ ചെലവഴിക്കുന്നത്. എട്ടു മണിയോടെയാണ് ക്ഷേത്രദര്‍ശനത്തിന് എത്തിയത്. 20 മിനിറ്റാണ് ദര്‍ശനം നടത്തുക. അതിന് ശേഷം സുരേഷ്ഗോപിയുടെ മകളുടെ വിവാഹവേദിയിലേക്ക് എത്തി വധൂവരന്മാരെ അനുഗ്രഹിച്ച ശേഷമാണ് മടങ്ങുക. ക്ഷേത്രത്തിലെ കളഭംചാര്‍ത്തും താമരമൊട്ടുകള്‍ കൊണ്ടുള്ള തുലാഭാരവും അടക്കമുള്ള വഴിപാട് ചടങ്ങുകളും നടത്തുന്നുണ്ട്.

രണ്ടു മണിക്കൂറോളം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം തൃപ്പയാര്‍ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തിയ ശേഷമായിരിക്കും മടങ്ങുക. ക്ഷേത്രദര്‍ശനത്തിന് ശേഷം 9.30 യോടെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ശേഷം തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലേക്ക് പോകും. 10.10 ന് അവിടെയെത്തി വഴിപാടും മീനൂട്ട് ചടങ്ങും നടത്തുന്നുണ്ട്. 11. മണിയോടെ ഹെലിപാഡിലെത്തി കൊച്ചിയിലേക്ക് മടങ്ങും.

മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കം മലയാളത്തിലെ മുന്‍നിര താരങ്ങള്‍ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ തന്നെ എത്തിയിരുന്നു. മോദിയെ സ്വീകരിക്കാന്‍ ശ്രീകൃഷ്ണ കോളേജ് മൈതാനത്തും ഗുരുവായൂരിലും വന്‍ ജനാവലിയാണ് എത്തിയത്. ഗുരുവായൂരില്‍ രാവിലെ 6 മണി മുതല്‍ 9.30 വരെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പരിപാടിയില്‍ കൂടി പങ്കെടുത്ത ശേഷമാണ് ഡല്‍ഹിക്ക് മടങ്ങുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇന്നലെ കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഊഷ്മള സ്വീകരണം നല്‍കിയിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്ബാശേരിരാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ െവെകിട്ട് 6.50 നാണ് പ്രധാനമന്ത്രി എത്തിയത്. വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികള്‍ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നെടുമ്ബാശേരിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഹെലികോപ്ടറില്‍ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.

രാത്രി 7.14ന് കൊച്ചി നേവല്‍ ബേസ് എയര്‍പോര്‍ട്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് രാത്രി ഏഴരയോടെ കൊച്ചി നഗരത്തെ ഇളക്കിമറിച്ച്‌ പ്രധാനമന്ത്രി യുടെ റോഡ് ഷോ നടന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനൊപ്പമാണ് മോദി ജനങ്ങളെ തുറന്ന വാഹനത്തില്‍ അഭിവാദ്യം ചെയ്തത്. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ.ഗസ്റ്റ് ഹൗസ് വരെ ഒന്നര കിലോമീറ്ററോളം നീണ്ടു നിന്ന റോഡ് ഷോ നടത്തി.

ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകരാണ് വിവാഹചടങ്ങിനായി എത്തിയത്. നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളും ചടങ്ങിന് എത്തിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ 9 മണി വരെ കനത്ത സുരക്ഷയാണ് ക്ഷേത്രത്തിനുള്ളിലും നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here