ന്യൂഡൽഹി : ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന്‌ കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ്‌ രേഖപ്പെടുത്തുന്നത്‌. എന്നാൽ, കഴിഞ്ഞവർഷം പാർലമെന്റിൽ പാസാക്കിയ ജനന–-മരണ രജിസ്‌ട്രേഷൻ നിയമപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ രക്ഷിതാക്കളുടെ മതം വെവ്വേറെ രേഖപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നു. ചട്ടങ്ങൾ സംസ്ഥാനങ്ങൾ അംഗീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്‌.

നിർദിഷ്ട ‘ഫോം നമ്പർ 1–-ബേർത്ത്‌ റിപ്പോർട്ടി’ലാണ്‌ ‘അച്ഛന്റെ മതം’, ‘അമ്മയുടെ മതം’ എന്നിവ രേഖപ്പെടുത്തേണ്ടത്‌. ദത്തെടുക്കുമ്പോഴും ഇതു പാലിക്കണം. ജനന–-മരണ രജിസ്‌ട്രേഷൻ വിവരങ്ങൾ കേന്ദ്രസർക്കാർതലത്തിൽ സൂക്ഷിക്കാനും ദേശീയ പോപ്പുലേഷൻ രജിസ്റ്ററി (എൻപിആർ)ൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താനും നിയമഭേദഗതി വരുത്തി. ഒക്‌ടോബർ 11നാണ്‌ നിയമം നിലവിൽവന്നത്‌.എല്ലാ ജനനമരണങ്ങളും കേന്ദ്രസർക്കാർ പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം.

ജനന രജിസ്‌ട്രേഷന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌; നിയമപരവും സ്ഥിതിവിവരകണക്കിനുള്ളതും. മാതാപിതാക്കളുടെ മതം സ്ഥിതിവിവരകണക്കിനായി ഉപയോഗിക്കുമെന്ന്‌ കേന്ദ്രം പറയുന്നു. ജനന രജിസ്‌ട്രേഷനിലെ നിയമപരമായ ഭാഗം ആധാർ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിർമാണങ്ങൾ ബിജെപി സർക്കാർ കൊണ്ടുവന്ന സാഹചര്യത്തിൽ ഇത്തരം വിവരങ്ങൾ ദുരുപയോഗിക്കാൻ സാധ്യതയുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here