ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) അസിസ്റ്റന്റ് കമാന്‍ഡന്റ് തിരഞ്ഞെടുപ്പിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 506 ഒഴിവുണ്ട്. ബിരുദധാരികള്‍ക്കാണ് അവസരം. വനിതകള്‍ക്കും അപേക്ഷിക്കാം. 2024 ഓഗസ്റ്റ് നാലിനായിരിക്കും പരീക്ഷ. ബി.എസ്.എഫ്.-186, സി.ആര്‍.പി.എഫ്.-120, സി.ഐ.എസ്.എഫ്.-100, ഐ.ടി.ബി.പി.-58, എസ്.എസ്.ബി.-42 എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകള്‍. 10 ശതമാനം ഒഴിവ് വിമുക്തഭടന്മാര്‍ക്ക് നീക്കിവെച്ചതാണ്.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് നിര്‍ദിഷ്ടസമയത്തിനകം രേഖ ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം. എന്‍.സി.സി.-ബി., സി. സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് ഇന്റര്‍വ്യൂ/പേഴ്സണാലിറ്റി ടെസ്റ്റില്‍ മുന്‍ഗണന ലഭിക്കും.

പ്രായം: 2024 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ് (അപേക്ഷകര്‍ 1999 ഓഗസ്റ്റ് രണ്ടിനുമുന്‍പോ 2004 ഓഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.

ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 200 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ. ബ്രാഞ്ചുകള്‍ മുഖേന പണമായോ അടയ്ക്കണം.

പരീക്ഷ: എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, കായികക്ഷമതാപരീക്ഷ, മെഡിക്കല്‍ പരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാവും. ഒന്നാംപേപ്പര്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും രണ്ടാംപേപ്പര്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ അഞ്ചുമണിവരെയുമാണ് നടത്തുക. ഒന്നാംപേപ്പര്‍ 250 മാര്‍ക്കിനായിരിക്കും. ഒബ്ജക്ടീവ് (മള്‍ട്ടിപ്പിള്‍ ആന്‍സേഴ്സ്) മാതൃകയിലായിരിക്കും പരീക്ഷ. ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യങ്ങള്‍ ലഭിക്കും. ഉച്ചകഴിഞ്ഞുള്ള രണ്ടാംപേപ്പര്‍ 200 മാര്‍ക്കിനായിരിക്കും. ജനറല്‍ സ്റ്റഡീസ്, എസ്സേ, കോംപ്രിഹെന്‍ഷന്‍ എന്നിവയായിരിക്കും ചോദ്യമേഖലകള്‍. ഇംഗ്ലീഷ്/ഹിന്ദി ആയിരിക്കും പരീക്ഷാമാധ്യമം. എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ കായികക്ഷമതാപരീക്ഷ അഭിമുഖീകരിക്കണം. 100 മീറ്റര്‍ ഓട്ടം, 800 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഷോട്ട് പുട്ട് എന്നീ ഇനങ്ങളാണ് കായികക്ഷമതാപരീക്ഷയ്ക്കുണ്ടാവുക.

പരീക്ഷാകേന്ദ്രങ്ങള്‍: രാജ്യത്താകെ 47 കേന്ദ്രങ്ങളിലായാണ് എഴുത്തുപരീക്ഷ നടത്തുക. കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍.

അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ https://www.upsconline.nic.in വഴി സമര്‍പ്പിക്കണം. വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലാത്തവര്‍ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: മേയ് 14(വൈകുന്നേരം 6 മണി). അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് മേയ് 15 മുതല്‍ 21 വരെ സമയമനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here