ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് വൻ പിഴ ചുമത്തി മാച്ച് റഫറി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. കഴിഞ്ഞ ദിവസം ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ സഞ്ജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനാണ് മാച്ച് റഫറി പിഴ ചുമത്തിയത്ള വിവാദമായ പുറത്താകലിന് ഒടുവിലായിരുന്നു സഞ്ജുവി​ന്റെ അതൃപ്തി പ്രകടനം. ഐ.പി.എല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് സഞ്ജുവിനെതിരെ നടപടിയെടുത്തത്.

ഐ.പി.എല്ലിലെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കൾ 2.8 പ്രകാരം ലെവൽ ഒന്ന് വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യമാണ് സഞ്ജു ചെയ്തത്. തുടർന്നാണ് മാച്ച് റഫറി സഞ്ജുവിനെതി​രെ നടപടിയെടുത്തത്. ഇത് സഞ്ജു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചട്ടപ്രകാരം മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്ന് ബി.സി.സി.ഐ അറിയിച്ചു.

ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ വിക്കറ്റ് വിവാദത്തിലായിരുന്നു. 16ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സറടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ ഷായ് ഹോപ് ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ, ഹോപ് ബൗണ്ടറി ലൈനിൽ ചവിട്ടിയോയെന്ന് സംശയമുണ്ടായിരുന്നു. തുടർന്ന് തേർഡ് അംപയർ റീപ്ലേ കണ്ട് ഔട്ട് വിളിക്കുകയായിരുന്നു.

ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 20 റൺസിനാണ് രാജസ്ഥാൻ റോയൽസ് തോറ്റത്. 46 പന്തിൽ നിന്ന് 86 റൺസെടുത്ത സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കോർ- ഡൽഹി 221/8 (20 ഓവർ). രാജസ്ഥാൻ 201/8 (20 ഓവർ).

വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നല്ല തുടക്കമായിരുന്നില്ല. രണ്ടാം പന്തിൽ തന്നെ യശ്വസി ജയ്സ്വാളിന്‍റെ (4) വിക്കറ്റ് വീണു. ജോസ് ബട്ട്ലറാകട്ടെ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്തു. സഞ്ജു സാംസൺ മികച്ച ഷോട്ടുകളുമായി റൺ നിരക്ക് താഴാതെ കാത്തുകൊണ്ടിരുന്നു. 17 പന്തിൽ 19 റൺസെടുത്ത് ബട്ട്ലർ മടങ്ങി. പിന്നീട് റയാൻ പരാഗുമൊത്തായിരുന്നു സഞ്ജുവിന്‍റെ രക്ഷാപ്രവർത്തനം. 28 പന്തിൽ സഞ്ജു അർധസെഞ്ച്വറി തികച്ചു. മറുവശത്ത് പരാഗും തകർപ്പനടികൾ തുടങ്ങിയതോടെ മത്സരം രാജസ്ഥാന്‍റെ വരുതിയിലായി. എന്നാൽ 22 പന്തിൽ മൂന്ന് സിക്സർ സഹിതം 27 റൺസെടുത്ത പരാഗിനെ റാസിഖ് സലാം ബൗൾഡാക്കി.സഞ്ജു മറുവശത്ത് റൺനിരക്ക് ഉയർത്തിക്കൊണ്ടേയിരുന്നു. 16ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സറടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിൽ ഷായ് ഹോപിന്‍റെ കൈകളിൽ അവസാനിച്ചു. ശുഭം ദുബേ 12 പന്തിൽ 25 റൺസെടുത്ത് പുറത്തായി. ഇതോടെ രാജസ്ഥാൻ പരാജയം മണത്തു. ഡൊണോവൻ ഫെറെയ്റ (ഒന്ന്), ആർ. അശ്വിൻ (രണ്ട്), റോവ്മാൻ പവൽ (13) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ വീണു. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് നിലച്ചതോടെ രാജസ്ഥാന് സീസണിലെ മൂന്നാം പരാജയം.

LEAVE A REPLY

Please enter your comment!
Please enter your name here