എരുമേലി : അഭിഭാഷകനായ എരുമേലി സ്വദേശി പുത്തൻവീട് ഷബീർ മുഹമ്മദ്‌ റോഡ് സുരക്ഷയ്ക്കായി കേരളത്തിൽ ലോക ബാങ്കിന് വേണ്ടി നടത്തിയ പ്രവർത്തന മാതൃക ഹിമാചൽ പ്രദേശിലും നടപ്പാക്കിയതോടെ ബഹുമതി. സംസ്ഥാന ഗവർണർ പോലിസ് ആസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചു ചേർത്തായിരുന്നു ഷബീർ മുഹമ്മദിന്റെ ജീവിതത്തിൽ മറക്കാനാവാത്ത ആ അനുമോദനം.

കഴിഞ്ഞ ദിവസം നടന്ന ആ ചടങ്ങിൽ ഹിമാചൽ പ്രദേശ് ഗവർണർ ശിവപ്രസാദ് ശുക്ല ബഹുമതി പത്രവും പുരസ്‌കാരവും നൽകി ഷബീറിനെ ആദരിച്ചു. ഹിമാചൽ പ്രദേശ് പോലീസ് ആണ് ഷബീറിന്റെ മികവ് ആദ്യം തിരിച്ചറിഞ്ഞത്. ഇത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ബഹുമതിയിലേക്കെത്തിക്കുകയായിരുന്നു. ഗവർണർക്കൊപ്പം സംസ്ഥാന ഡിജിപിയും എഡിജിപിയും ഷബീറിനെ ആദരിച്ചു.

കഴിഞ്ഞ 24 വർഷമായി റോഡ് സേഫ്റ്റി കൺസൾട്ടണ്ടായി ലോകബാങ്ക് പ്രോജക്ടിന് കീഴിലുള്ള നയരൂപീകരണം, സ്ഥാപന നിർമാണം, ആക്ഷൻ പ്ലാൻ വികസനം എന്നിവയുടെ ഉപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിക്കുകയാണ് ഷബീർ. തമിഴ്നാട്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഷബീർ റോഡ് സേഫ്റ്റി കൺസൾട്ടൻസി സർവ്വീസ് ചെയ്യുന്നു. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമൊക്കെ ലോക ബാങ്കിന്റെ റോഡ് വികസന ഫണ്ട് വിനിയോഗത്തിൽ റോഡിലെ സുരക്ഷയുടെ പദ്ധതികൾ ആവിഷ്‌കരിക്കുന്നത് ഷബീറിന്റെ നേതൃത്വത്തിലാണ്.

പൊൻകുന്നം – പുനലൂർ – മൂവാറ്റുപുഴ പാതയിൽ കെഎസ്ടിപി ക്ക് റോഡ് സുരക്ഷ പദ്ധതി നടപ്പിലാക്കിയത് ഷബീറിന്റെ നേതൃത്വത്തിലായിരുന്നു.

റോഡ് നിർമിക്കുന്നത് പ്രത്യേക പാക്കേജായി മാറ്റണമെന്നും ഇതിൽ സുരക്ഷാ പദ്ധതിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നതാണ് ഷബീർ ആവിഷ്‌കരിച്ച ആശയം. ഇത് ഹിമാചൽ പ്രദേശ് സർക്കാർ ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്. റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിൽ ജനകീയ സമിതികളും സുരക്ഷാ പരിശീലന പരിപാടികളും ഈ പ്രത്യേക പാക്കേജിൽ വിഭാവനം ചെയ്യുന്നു. റോഡിൽ
കാൽനട യാത്രക്കാർക്ക് സുരക്ഷാ നടപ്പാത, വിശ്രമിക്കാൻ റോഡിൽ നിന്നും മാറി സുരക്ഷിത അകലത്തിൽ ഇരിപ്പിടങ്ങളും കുടിവെള്ള കിയോസ്കും സൗജന്യ വൈഫൈ ഉൾപ്പടെ വെയ്റ്റിംഗ് ഷെഡുകൾ, രാത്രിയിൽ റോഡിലുടനീളം എല്ലായിടത്തും വെളിച്ചം ലഭിക്കുന്ന സോളാർ സംവിധാനം, റോഡിൽ ആകർഷകമായ പൂന്തോട്ടങ്ങൾ, തണൽ മരങ്ങൾ, അപകട മേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്ന റോഡ് നിർമാണ രീതി തുടങ്ങിയവയാണ് പ്രത്യേക പാക്കേജായി റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുന്നത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാജി പി എച്ച് അബ്ദുൽ സലാം ആണ് പിതാവ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ മുഹമ്മദ്‌ ഷാ സഹോദരനാണ്. എരുമേലിയിൽ അലുമിനിയം ഫാക്ടറിയുടമയും വ്യാപാരിയുമാണ് ഇളയ സഹോദരൻ അനസ് മുഹമ്മദ്‌.
ചിത്രം.
ഹിമാചൽ പ്രദേശ് ഗവർണർ ശിവപ്രസാദ് ശുക്ലയിൽ നിന്ന് ഷബീർ മുഹമ്മദ്‌ ബഹുമതി പത്രവും പുരസ്‌കാരവും ഏറ്റുവാങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here