ന്യൂഡൽഹി :65നു മുകളിൽ പ്രായമുള്ളവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാം. ഇതടക്കം ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി ( ഐആർഡിഎഐ ) നിർദേശിച്ച പുതിയ മാനദണ്ഡങ്ങൾ ഏപ്രിൽ 1മുതൽ പ്രാബല്യത്തിലായി. 65 വയസ്സു കഴിഞ്ഞവർക്ക് ഇതുവരെ പുതിയ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിലക്കാണ് നീക്കിയത്. മുതിർന്ന പൗരന്മാർക്കായി എല്ലാ ഇൻഷുറൻസ് കമ്പനികളും നിർബന്ധമായും പുതിയ പോളിസികൾ ഏർപ്പെടുത്തണം. അവർക്ക് ക്ലെയിം നൽകാനും പരാതികൾ പരിഹരിക്കാനും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തണം.അർബുദം, ഹൃദ്രോഗം, വൃക്കരോഗം, എയ്ഡ്സ് തുടങ്ങിയവ ഉണ്ടെങ്കിൽ ഇൻഷുറൻസ് പോളിസി നിഷേധിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്. നിലവിൽ മാരകരോഗങ്ങൾ ചൂണ്ടിക്കാണിച്ചു പോളിസി നിഷേധിക്കാറുണ്ട്. നിലവിലുള്ള അസുഖങ്ങൾക്ക് ഇനിമുതൽ 36 മാസം കഴിഞ്ഞാൽ ഇൻഷുറൻസ് ആനുകൂല്യം നൽകണം. 48 മാസം വരെ നൽകേണ്ട എന്ന പരിധിയാണു 36 മാസമായി കുറച്ചത്. പോളിസി എടുക്കുമ്പോൾ രോഗാവസ്ഥ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇതു നൽകണം. മുതിർന്നവർ, വിദ്യാർഥികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് അനുയോജ്യമായ പുതിയ പദ്ധതികൾ ഇൻഷുറൻസ് കമ്പനികൾ കൊണ്ടുവരണം. 

ആയുർവേദം, യുനാനി ഉൾപ്പെടെയുള്ള ആയുഷ് ചികിത്സയ്ക്കു പരിധി പാടില്ലെന്നും ഇൻഷുറൻസ് കവറേജിലുള്ള മുഴുവൻ തുകയും നൽകണമെന്നും ഉത്തരവിലുണ്ട്. രോഗിയുടെ ആശുപത്രിച്ചെലവുകൾ മുഴുവൻ കമ്പനി വഹിക്കുന്ന രീതി മാറ്റി ഓരോ രോഗത്തിനും നിശ്ചിത തുക എന്ന രീതിയിൽ പദ്ധതികൾ ഏർപ്പെടുത്താനും ഐആർഡിഎഐ നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here