കൊച്ചി: സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന് ഒരു കോടിയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് ‘ബീഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ (34) കർണാടകയിലെ ഉഡുപ്പിയിൽ അറസ്റ്റിലായി. ആഭരണങ്ങൾ ഇയാളുടെ കാറിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്നു രാവിലെ കൊച്ചിയിൽ എത്തിക്കും.പരാതി ലഭിച്ച് 10 മണിക്കൂറിനകം മോഷ്ടാവ് പിടിയിലായി. ബീഹാർ സീതാമർഹി ജോഗിയ സ്വദേശിയാണ്.ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു ‘ബി’ സ്ട്രീറ്റ് ‘അഭിലാഷം’ വീട്ടിലെ കവർച്ച. അടുക്കളയുടെ ജനലിലൂടെ അകത്തുകടന്ന പ്രതി മുകൾനിലയിലെ രണ്ട് മുറികളിൽ നിന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്‌ലേസ്, 8 ലക്ഷം രൂപയുടെ 10 വജ്രക്കമ്മലുകൾ, 10 മോതിരങ്ങൾ, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകൾ തുടങ്ങിയവയാണ് കവർന്നത്. രാവിലെ ആറോടെയാണ് എറണാകുളം സൗത്ത് പൊലീസ് വിവരം അറിഞ്ഞത്.തൊപ്പിവച്ച് കഴുത്തിൽ ഷാൾ ചുറ്റി കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഇർഫാന്റെ സി.സി.ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. പ്രതി മഹാരാഷ്ട്ര രജിസ്ട്രേഷൻ ഹോണ്ട അക്കോർഡ് കാറിൽ വരുന്നതും മതിൽചാടി വീട്ടിൽ കയറുന്നതുമായ ദൃശ്യങ്ങളും കണ്ടെത്തി. രാവിലെ ഈ കാർ കാസർകോട് അതിർത്തി കടന്നെന്ന് അറിഞ്ഞതോടെ ഉഡുപ്പി, മംഗളൂരു, കാർവാർ എസ്.പിമാരെ അറിയിച്ചു. കോട്ട പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ ഉച്ചയ്ക്ക് 12.30ഓടെ കാർ ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച് കടന്നുപോയി. തുടർന്ന് പൊലീസ് വാഹനങ്ങൾ പലഭാഗത്തു നിന്നായി വളഞ്ഞ് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ഉഡുപ്പി എസ്.പി ഓഫീസിൽ നിന്ന് കൊച്ചി പൊലീസ് നൽകിയ വിവരങ്ങൾ കോട്ട പൊലീസിന് ലഭിച്ചത്.എറണാകുളം അസി. കമ്മിഷണർ പി. രാജ്കുമാറിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ഇവിടേക്ക് തിരിച്ചിരുന്നു. പ്രതിയെ മോഷണക്കേസിൽ അറസ്റ്റ് ചെയ്ത് ഉഡുപ്പി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി. ഇന്ന് ജോഷിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. വൈകിട്ട് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here