തൊടുപുഴ: ഒമ്പത് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ 31കാരനായ പിതാവിന് ജീവിതാവസാനം വരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.7 ലക്ഷം രൂപ പിഴയും. കൂടാതെ പോക്‌സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് പോക്‌സോ കോടതി ജഡ്ജി പി.എ. സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. പിഴ പ്രതി അടച്ചാൽ ഇത് കുട്ടിക്ക് നൽകാനും കോടതി ഉത്തരവായിട്ടുണ്ട്. മൂന്നാറിലെ തോട്ടം മേഖലയിൽ 2021- 22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. പ്രതി തൊട്ടടുത്ത ലയത്തിൽ താമസിച്ചു വരുകയായിരുന്നു. കുട്ടിയുടെ അമ്മ കുട്ടിയെയും പ്രതിയെയും ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി നാടുവിട്ടിരുന്നു. ഇതോടെയാണ് സംരക്ഷണ ചുമതല മാതാപിതാക്കൾ ഏറ്റെടുത്തത്. 2021 മാർച്ച് ഒന്ന് മുതൽ 2022 ആഗസ്ത് 21 വരെയുള്ള കാലയളവിൽ പലതവണ പിതാവായ പ്രതി കുട്ടിയെ ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞ കുട്ടിയുടെ കൈ സ്പൂൺ ചൂടാക്കി പൊള്ളിച്ചു. കുട്ടി വിവരം പിന്നീട് സ്‌കൂളിലെ കൂട്ടുകാരിയോടും കൗൺസിലിംഗിനെത്തുന്ന അദ്ധ്യാപികയോടും പറഞ്ഞു സ്‌കൂളിൽ നിന്ന് സി.ഡബ്ല്യു.സിയെ വിവരം അറിയിച്ചു. ഇത് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 42 പ്രമാണങ്ങൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. വിസ്താരവേളയിൽ പ്രതിയുടെ മാതാവ് കൂറുമാറി. മറയൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായിരുന്ന പി.ടി. ബിജോയ് അന്വേഷിച്ച് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇടുക്കി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ നിന്ന് കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവായിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് സ്മിജു കെ. ദാസ് കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here