പത്തനംതിട്ട :പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.കോട്ടാമ്പാറ കോളനിയിലെ മൂന്നു വീടുകള്‍ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗങ്ങള്‍ വിവിധ വിവരങ്ങള്‍ കുടുംബാംഗങ്ങളോടും ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ വിലാസിനിഓമന, സുശീല വാസുക്കുട്ടന്‍, വിലാസിനിസിന്ധു എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്. അസുഖങ്ങള്‍ക്ക് ലഭിക്കുന്ന ചികിത്സ, മരുന്ന് ലഭ്യത, വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളുടെ ലഭ്യത, വീടുകളുടെ സ്ഥിതി, റേഷന്‍ ലഭ്യത, വിദ്യാഭ്യാസം, കുടിവെള്ളം, വന്യമൃഗശല്യം തുടങ്ങിയ വിവിധ കാര്യങ്ങള്‍ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ചോദിച്ചു മനസിലാക്കി. ഊരു മൂപ്പത്തി സരോജിനിയമ്മ കോളനിയിലെ വിവരങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ ജോലിയുടെ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിച്ചു നല്‍കി. ഭര്‍ത്താവ് മദ്യപിച്ചു വന്ന് മര്‍ദിക്കുന്നെന്ന് ഒരു വീട്ടമ്മ വനിതാ കമ്മിഷന്‍ മുന്‍പാകെ പരാതി പറഞ്ഞു. സ്ത്രീകള്‍ മര്‍ദനം സഹിക്കേണ്ടവരല്ലെന്നും മര്‍ദിക്കരുതെന്നും ഭര്‍ത്താവിനോടു ധൈര്യമായി പറയണമെന്നും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ വീട്ടമ്മയ്ക്ക് ധൈര്യം പകര്‍ന്നു. തുടര്‍ന്ന് കാട്ടാത്തി പട്ടികവര്‍ഗ കോളനിയിലെ വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന ഏകോപന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും ഡയറക്ടറും നേരിട്ടു കേട്ടു.വാര്‍ഡ് മെമ്പര്‍ ജോജു വര്‍ഗീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. മോഹന്‍, എസ്ടി പ്രമോട്ടര്‍മാരായ ഗീതു, ഹരിത തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here