ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ മധ്യപ്രദേശിനെതിരേ 62 റണ്‍സിന്റെ ജയം നേടി വിദര്‍ഭ ഫൈനലില്‍. തമിഴ്‌നാടിനെ തോല്‍പ്പിച്ച് മുംബൈ നേരത്തേ കലാശക്കളിക്ക് യോഗ്യത നേടിയിരുന്നു. അഞ്ചാംദിനം നാല് വിക്കറ്റ് ശേഷിക്കേ, 93 റണ്‍സാണ് മധ്യപ്രദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 30 റണ്‍സേ ബുധനാഴ്ച മധ്യപ്രദേശിന് ചേര്‍ക്കാനായുള്ളൂ. ഇതോടെ 62 റണ്‍സിന്റെ തോല്‍വി. സ്‌കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്-252, 258.ടോസ് നേടിയ വിദര്‍ഭ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് 170 റണ്‍സ് മാത്രമേ വിദര്‍ഭയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ നേടാനായുള്ളൂ. കരുണ്‍ നായര്‍ മാത്രമാണ് (105 പന്തില്‍ 63) അര്‍ധസെഞ്ചുറി തികച്ചത്. നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ കുല്‍വന്ദ് ഖെജ്രോളിയയും വെങ്കടേശ് അയ്യരും ചേര്‍ന്ന്് വിദര്‍ഭയെ എറിഞ്ഞിട്ടു.മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് പത്ത് വിക്കറ്റ് വീഴുമ്പോള്‍ 252 റണ്‍സ് നേടിയിരുന്നു. ഇതോടെ മധ്യപ്രദേശിന് 82 റണ്‍സിന്റെ ലീഡ്. സെഞ്ചുറി നേടിയ (265 പന്തില്‍ 126) വിക്കറ്റ് കീപ്പര്‍ ഹിമാന്‍ഷു മന്ത്രിയാണ് മധ്യപ്രദേശ് സ്‌കോറിന്റെ നട്ടെല്ലായത്. വിദര്‍ഭയ്ക്കായി ഉമേഷ് യാദവും യഷ് ഠാക്കൂറും മൂന്നുവീതം വിക്കറ്റുകളും അക്ഷയ് വഖാറെ രണ്ടു വിക്കറ്റുകളും നേടി.

രണ്ടാം ഇന്നിങ്‌സിലെത്തിയപ്പോള്‍ പക്ഷേ, വിദര്‍ഭയുടെ ബാറ്റിങ് മട്ട് മാറി. 101 ഓവറില്‍ 402 റണ്‍സാണ് നേടിയത്. 141 റണ്‍സ് നേടിയ യഷ് റാത്തോഡിന്റെയും 77 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്ഷയ് വദ്കറിന്റെയും ഇന്നിങ്‌സുകള്‍ വിദര്‍ഭയ്ക്ക് കരുത്തുറ്റ സ്‌കോര്‍ സമ്മാനിച്ചു. ലീഡ് വഴങ്ങിയ ശേഷമുള്ള കരുത്താര്‍ന്ന തിരിച്ചുവരവ്. മധ്യപ്രദേശിനായി അനുഭവ് അഗര്‍വാള്‍ അഞ്ച് വിക്കറ്റ് നേടി.

തുടര്‍ന്നുള്ള ബാറ്റിങ്ങില്‍ മധ്യപ്രദേശിന് കാലിടറി. ഓപ്പണര്‍ യഷ് ദുബെയെ (212 പന്തില്‍ 94) നാലാംദിവസം കളി അവസാനിക്കാനിരിക്കേ നഷ്ടപ്പെട്ടത് മധ്യപ്രദേശിന് വിനയായി. 67 റണ്‍സോടെ ഹര്‍ഷ് ഗൗളിയും സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജയത്തിലേക്ക് അടുപ്പിക്കാനായില്ല. 258 റണ്‍സാണ് നേടാനായത്. ഇതോടെ 62 റണ്‍സിന്റെ തോല്‍വി വഴങ്ങി ഫൈനല്‍ കാണാതെ പുറത്ത്. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ യഷ് ഠാക്കൂറും അക്ഷയ് വഖാറെയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ ആദിത്യ സര്‍വതെയും ആദിത്യ താക്കറെയുമാണ് വിദര്‍ഭയെ കലാശക്കളിക്ക് യോഗ്യമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here