കാനഡ: ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12 മണിയോടെ മത്സരം തുടങ്ങും. ഡബിള്‍ റൗണ്ട് റോബിന്‍ മത്സരക്രമമാണ്. എട്ടു കളിക്കാരും രണ്ടുതവണ പരസ്പരം കളിക്കും. ഒരു കളി വെള്ളക്കരുക്കളുമായും മറ്റൊന്ന് കറുപ്പ് കരുക്കളെടുത്തും. ജയം ഒരു പോയിന്റ്, സമനില അര പോയിന്റ് എന്നിങ്ങനെയാണ് സ്‌കോര്‍. 14 മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യനെ നേരിടാനുള്ള ചലഞ്ചറാകും. തുല്യപോയിന്റുമായി രണ്ടുപേര്‍ മുന്നിലെത്തിയാല്‍ ടൈ ബ്രേക്കറിലൂടെ ജേതാവിനെ നിശ്ചയിക്കും.ക്ലാസിക്കല്‍ ശൈലിയിലാണ് ഗെയിമുകള്‍. ആദ്യ 40 നീക്കങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 120 മിനിറ്റുവീതം ലഭിക്കും. 40 നീക്കങ്ങളില്‍ കളി പൂര്‍ത്തിയായില്ലെങ്കില്‍ പിന്നീട് എല്ലാ നീക്കങ്ങള്‍ക്കുമായി ആകെ 30 മിനിറ്റ്. 41 മുതല്‍ ഓരോ നീക്കത്തിനും 30 സെക്കന്‍ഡുവീതം ബോണസ് സമയം ലഭിക്കും.വനിതകള്‍ക്ക് ആദ്യ 40 നീക്കത്തിന് 90 മിനിറ്റുവീതം ലഭിക്കും. ഇതില്‍ പൂര്‍ത്തിയായില്ലെങ്കില്‍ പിന്നീട് എല്ലാ നീക്കങ്ങള്‍ക്കുമായി 30 മിനിറ്റ് ലഭിക്കും. പിന്നീട് ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് ബോണസ് സമയമുണ്ടാകും.

സമ്മാനത്തുക

കാന്‍ഡിഡേറ്റ്‌സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും. ഓരോ കളിക്കാരനും നേടുന്ന ഓരോ അര പോയിന്റിനും 3.13 ലക്ഷം വീതം ലഭിക്കും. വനിതകളിലെ വിജയിക്ക് 21.52 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാരിക്ക് 16.14 ലക്ഷവും ലഭിക്കും.

അവസാനറൗണ്ടുകളില്‍ ഒരേ രാജ്യക്കാര്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ഒരേ രാജ്യക്കാര്‍ ഒന്നാം റൗണ്ടില്‍ ഏറ്റുമുട്ടും. ഓപ്പണ്‍ വിഭാഗത്തിലെ ഒന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളായ ഗുകേഷും വിദിത് ഗുജറാത്തിയും ഏറ്റുമുട്ടുമ്പോള്‍ വനിതാവിഭാഗത്തില്‍ കൊനേരു ഹംപിയും വൈശാലിയും തമ്മിലാണ് മത്സരം

LEAVE A REPLY

Please enter your comment!
Please enter your name here