തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിലുള്ള വകുപ്പ് മന്ത്രി ഗണേശ്‌ കുമാറിന്റെ എതിർപ്പിനെ തുടർന്നാണിത്.കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ഇ-ബസുകൾ സ്വീകരിക്കാൻ സമ്മതം അറിയിച്ച് ഗതാഗത വകുപ്പ് ഒക്ടോബർ നാലിന് കത്തയച്ചിരുന്നു. ധന വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചാൽ ബസുകൾ ലഭിക്കും. എന്നാൽ പുതിയ മന്ത്രിയുടെ തീരുമാനം വ്യക്തമാകുന്നതു വരെ ഈ നടപടികൾ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നിറുത്തി വച്ചു.

പദ്ധതി പ്രകാരം, ബസുകൾ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. ഇതിന് കേന്ദ്ര സർക്കാരുമായി ചേർന്ന് 83 കോടിയുടെ കോർപ്പസ് ഫണ്ട് ഉണ്ടാക്കണം. അതിൽ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ ഗ്യാരന്റിയാണ് കോർപ്പസ് ഫണ്ട്. നടപടിക്രമങ്ങൾ പാലിച്ച മറ്റ് സംസ്ഥാനങ്ങൾ 3975 ബസുകൾ നേടിയിട്ടുണ്ട്.തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 13 ബസുകൾ, കൊച്ചി സ്മാർട്ട് സിറ്റി പ്രകാരം 20 ബസുകൾ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ‌50 ഡീസൽ സൂപ്പർ ഫാസ്റ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ടെൻ‌ഡറുകളാണ് റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here