കാസര്‍ഗോഡ്: ദേശീപാതയില്‍ ആദ്യത്തെ മഴയില്‍ തന്നെ വെള്ളക്കെട്ട്. റോഡ് ഉയര്‍ത്തുകയും ഓവുചാല്‍ നിര്‍മിക്കാതിരിക്കുകയും ചെയ്തതോടെ മഴവെള്ളം ഒഴുകി വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന സ്ഥിതിയുണ്ടായി.
ചെര്‍ക്കള ടൗണില്‍ വലിയരീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുണ്ടായി. പല വാഹനങ്ങളും ഇവിടെ കുടുങ്ങിക്കിടന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കും ദുരിതമുണ്ടായി. മഴയെത്തിയാല്‍ ഇവിടെ ദുരിതത്തിന് സാധ്യത ഏറെയുണ്ടെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ സംവിധാനം ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് ആദ്യമഴയില്‍ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത്.കാഞ്ഞങ്ങാട് മാവുങ്കാലിലും വെള്ളക്കെട്ട് വലിയ ദുരിതമുണ്ടാക്കി. പല കടകളും ഏറെ വൈകിയാണ് ഇവിടെ തുറന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തി വ്യാപാരികള്‍ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. അടിയന്തരമായി ഓവുചാല്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.