തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒമ്പതു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ രണ്ടുമുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.