കൊല്ലം : ആര്യങ്കാവ് കടമാൻപാറയിലെ ചന്ദനമരങ്ങൾ ജിയോ ടാഗ്‌ ചെയ്യും. മരം നിൽക്കുന്ന സ്ഥലം, മരത്തിന്റെ വണ്ണം, നീളം, പ്രധാന ശിഖരങ്ങൾ തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കത്തക്കവിധം ജിയോ പൊസിഷൻ റെക്കോഡിങ്ങാണ്‌ നടത്തുക. ഇതുവഴി ഓഫീസിലിരുന്ന്‌ തന്നെ ദിവസവും മരങ്ങൾ പരിശോധിക്കാം. ചന്ദനമരമോഷണം വ്യാപകമായിട്ടുള്ള ഇവിടെനിന്ന്‌ ഇനി മരങ്ങൾ നഷ്ടമായാൽ ഉടൻ വിവരമറിയാനും കഴിയും. പുതിയ മരം വളർന്നുവന്നാലും ഇനി അറിയാനാകും.

മറയൂർ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏക സ്വാഭാവിക ചന്ദനത്തോട്ടമാണ്‌ ആര്യങ്കാവ് കടമാൻപാറയിലേത്‌. തമിഴ്നാട് വനാതിർത്തി പങ്കിടുന്ന തോട്ടം 23 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ്. കോട്ടവാസൽ, ചേനഗിരി, കടമാൻപാറ എന്നീ ബ്ലോക്കുകളായിട്ടാണ്‌ തിരിച്ചിട്ടുള്ളത്‌. വ്യാഴാഴ്‌ചയാണ്‌ ടാഗ്‌ചെയ്യൽ നടപടിക്ക്‌ തുടക്കമാകുക. ഓരോ മരത്തിനും അവയുടെ പ്രത്യേകതകൾ രേഖപ്പെടുത്തിയ യുണീക്‌ നമ്പർ നൽകും. ദക്ഷിണ മേഖലാ സിസിഎഫിന്റെ നിർദേശ പ്രകാരമാണ്‌ പദ്ധതി. മറയൂർ ചന്ദനക്കാട്ടിലെ മരങ്ങൾ നേരത്തെ ജിയോ റെഫറൻസ്‌ ചെയ്‌തിരുന്നു. വിവരങ്ങൾ അതത്‌ മരങ്ങളിൽതന്നെ പ്ലേറ്റ്‌ ചെയ്‌താണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ഇവയിലെ ബാർ കോഡ്‌ സ്‌കാൻ ചെയ്‌താൽ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭിക്കും. 

ഫെൻസിങ്‌ നടത്തിയാണ്‌ ഇവിടെ തോട്ടം സംരക്ഷിച്ചിരിക്കുന്നത്‌. എന്നാൽ, ആര്യങ്കാവ് വനം റേഞ്ചിലെ ചന്ദനത്തോട്ടം കേരള –-തമിഴ്‌നാട്‌ അതിർത്തിയിൽ വ്യാപിച്ചു കിടക്കുന്നതിനാൽ ഫെൻസിങ്‌ നടത്താനാകില്ല. മരത്തിൽ പ്ലേറ്റ്‌ വയ്‌ക്കാനും കഴിയില്ല. നിലവിൽ 2000ൽ അധികം മരങ്ങൾ ഇവിടെ ഉണ്ടെന്നാണ്‌ കണക്ക്‌. തമിഴ്നാട്ടിൽനിന്നു സ്വതന്ത്രമായി ഇവിടേക്ക് പ്രവേശിക്കാമെന്നതാണ്‌ മോഷ്ടാക്കൾക്കുള്ള അനുകൂല ഘടകം. ഇത്‌ ഒഴിവാക്കുന്നതിനടക്കമുള്ള പ്രവർത്തനങ്ങളാണ്‌ വനം വകുപ്പ്‌ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here