തിരുവനന്തപുരം > സംസ്ഥാനത്തെ അയൽക്കൂട്ടാംഗങ്ങളുടെ വാർഷിക വരുമാനം കുറഞ്ഞത്‌ ഒരുലക്ഷം രൂപയെങ്കിലും ആക്കി അവരെ “ലാക്‌പതി ദീദി’കളാക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീ. വരുമാനപരിധി കണ്ടെത്താൻ ഇതിനകം 26,16,365 കുടുംബങ്ങളിൽ സർവേ നടന്നു. 80 ശതമാനം വീടുകളിലാണ്‌ സർവേ പൂർത്തിയായത്‌. ബാക്കിയുള്ളത്‌ 6,71,698 കുടുംബങ്ങളിലാണ്‌. 8.93 ലക്ഷം അയൽക്കൂട്ടാംഗങ്ങളെ ലാക്‌പതി ദീദികളാക്കി മാറ്റുകയാണ്‌ ലക്ഷ്യം. സംരംഭക, കാർഷിക, മൃഗസംരക്ഷണ മേഖലയിലെ സാധ്യതകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജോലി സാധ്യത ഉറപ്പാക്കിയാണ്‌ പദ്ധതി നടപ്പാക്കുക.  

പദ്ധതിപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കാൻ വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി സംസ്ഥാന, ജില്ലാ സ്റ്റിയറിങ്‌ കമ്മിറ്റികൾ രൂപീകരിച്ചു. തദ്ദേശ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ കൺവീനറുമാകുന്ന സംസ്ഥാന സ്റ്റിയറിങ്‌ സമിതിയിൽ പട്ടികജാതി, പട്ടികവർഗം, തൊഴിൽ, മൃഗസംരക്ഷണം, വനിതാ ശിശുവികസനം, കൃഷി വകുപ്പ്‌ ഡയറക്ടർമാർ അംഗങ്ങളായിരിക്കും. കലക്ടർ ചെയർമാനും കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ കൺവീനറുമായ ജില്ലാ സമിതിയിൽ തദ്ദേശവകുപ്പ്‌ ജോയിന്റ്‌ ഡയറക്ടർ, പട്ടികജാതി വകുപ്പ്‌ ജില്ലാ വികസന ഓഫീസർ, എസ്‌ടി വകുപ്പ്‌ പ്രോജക്ട്‌ ഓഫീസർ, ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ, ജില്ലാ വെറ്ററിനറി ഓഫീസർ, ജില്ലാ വനിതാ, ശിശുവികസന ഓഫീസർ എന്നിവർ അംഗങ്ങളുമാകും.

LEAVE A REPLY

Please enter your comment!
Please enter your name here