പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് മുട്ട. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ പലരും മഞ്ഞക്കുരു ഒഴിവാക്കാറുണ്ട്. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതിയാണ് പലരും മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെയിരിക്കുന്നത്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരുവില്‍ വിവിധതരത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിപ്പുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യുന്ന വിറ്റാമിന്‍ എ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കരുത്. വിറ്റാമിന്‍ ഡിയുടെയും മികച്ച സ്രോതസാണ് മുട്ടയുടെ മഞ്ഞ. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വിറ്റാമിന്‍ ഇയും മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.വിറ്റാമിന്‍ ബി 6 മതിയായ അളവില്‍ കഴിക്കുന്നത് മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും ഗുണം ചെയ്യും. കൂടാതെ വിറ്റാമിന്‍ ബി 12ന്റെയും സ്വാഭാവിക ഉറവിടമാണിത്. ഇത് നാഡീ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9-ന്റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. വിളര്‍ച്ച, ജനന വൈകല്യങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ തടയാന്‍ ഇത് ഉപകരിക്കും. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി8-ഉം അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുല്‍പാദനത്തിന് ആവശ്യമായ വിറ്റാമിനാണ്.വിറ്റാമിന്‍ ബി2-വിന്റെയും സമ്പന്നമായ ഉറവിടമാണിത്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം, കണ്ണുകളുടെ ആരോഗ്യം, നാഡീവ്യൂഹം എന്നിവയ്ക്കും ഗുണം ചെയ്യും. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ചര്‍മം, തലമുടി, നഖങ്ങള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താനും വിറ്റാമിന്‍ ബി5 സഹായിക്കുന്നു. ഇവയും മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

LEAVE A REPLY

Please enter your comment!
Please enter your name here