മുണ്ടക്കയം: കാഞ്ഞിരപ്പള്ളി താലൂക്കിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗം പേരും പനിബാധിതരാണ്. മേഖലയിൽ ഫോഗിംഗ്, ഉറവിട നശീകരണം, കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ജലജന്യരോഗങ്ങൾ തടയുന്നതിന് കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, ശുചിത്വമുള്ള ജലവിതരണത്തിന് സർട്ടിഫിക്കറ്റ് നിർബന്ധമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തി. മേഖലയിലെ റബർ, കൈത തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനുള്ള സാദ്ധ്യതയേറെയാണ്. ഇത് സംബന്ധിച്ച് ഉടമകൾക്ക് അധികൃതർ ബോധവത്ക്കരണം നടത്തി. പരിസരം ശുചീകരിക്കാത്തതും മലിനീകരണം തടയാത്തതും രോഗം പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here