കൊച്ചി : സംസ്ഥാനത്തെ  സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് ജസ്റ്റിസുമാരായ ഇ.എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൽ ഹക്കീം എന്നിവരുടെ ബെഞ്ച് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. 

കേരള വിദ്യാഭ്യാസ ചട്ടത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നടത്താൻ സാധിക്കില്ല. ആവശ്യമെങ്കിൽ സർക്കാരിനു പ്രത്യേക ഉത്തരവിറക്കി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ക്ലാസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും വേനലവധി ക്ലാസുകൾ നിരോധിച്ചു കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‍സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here