കരിമണ്ണൂർ(തൊടുപുഴ) :രണ്ട്‌ പതിറ്റാണ്ടായി പശുക്കളുടെ തോഴനാണ്‌ ചീനിക്കുഴി കൂറുമുള്ളാനിയിൽ ഫാം ഉടമ കെ ബി ഷൈൻ. ഏഴ് ഏക്കറിലെ കൃഷി നോക്കിയിരുന്ന ഷെെൻ  മുപ്പതാം വയസ്സിലാണ് പശുക്കളെ കൂട്ടുപിടിച്ചത്. നാല്‌ പശുക്കളെ വീട്ടിൽ ഇണക്കിയ ഇദ്ദേഹത്തിന് ഇന്ന് 300 മുന്തിയ ഇനം പശുക്കളുണ്ട്‌, അവ 3,000 ലിറ്റർ  പാലും ദിവസേന   തരുന്നു. ഒരു പിടി അവാർഡുകളും ഇതിലൂടെ ഷെെനിന് സ്വന്തമായി. ഇത്തവണത്തെ സംസ്ഥാന ക്ഷീരസഹകാരി അവാർഡും ഇദ്ദേഹത്തെ തേടിയെത്തി. കുടുംബസ്വത്തായി ലഭിച്ച  സ്ഥലത്തിനു പുറമേ പിന്നീട്‌ വാങ്ങിയ എട്ട്‌ ഏക്കറിൽ റബർ, തെങ്ങ്‌, വാഴ, മരച്ചീനി തുടങ്ങിയ കൃഷിയുണ്ട്‌. എഴുപത്താറുകാരനായ അച്ഛൻ ബാലനാണ്‌ കൃഷികൾ നോക്കിനടത്തുന്നത്‌.  പത്തേക്കറിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു. പശുക്കൾക്ക്‌ നൽകാൻ കന്നാര കാനി സുലഭമല്ലാതായതോടെയാണ്‌ തീറ്റപ്പുൽകൃഷി തുടങ്ങിയത്‌.തൊഴുത്തിൽ ഫാനും സംഗീതവുമുണ്ട്‌. ദിവസം രണ്ടുനേരം പശുക്കളെ കുളിപ്പിക്കും. പശുപരിപാലനത്തിന്‌ ഷൈനിനും ഭാര്യ സുബിക്കുമൊപ്പം 24 തൊഴിലാളികളുമുണ്ട്‌. അതിഥി തൊഴിലാളികൾ കുടുംബമായാണ് താമസം. ഭക്ഷണത്തിനുള്ള അരിയും നൽകും. ഇവർക്ക്‌ 35,000രൂപയും ഒറ്റയ്ക്ക്‌ താമസിക്കുന്നവർക്ക്‌ 20,000രൂപയുമാണ്‌ ശമ്പളം. പശുക്കളിൽ നിന്ന് കിട്ടുന്ന 3,000 ലിറ്റർ പാലിൽ 600 ലിറ്ററോളം വീടുകളിലും ബാക്കി അമയപ്പാറയിലെ മിൽമയിലും നൽകുന്നു. മിൽമയിൽ ലിറ്ററിന്‌ 45രൂപ നിരക്കിലും വീടുകളിൽ 50 രൂപയ്ക്കുമാണ് വിൽപന. ഒരു പശുവിന്‌ ദിവസേന ശരാശരി 330 രൂപ ചെലവുവരും. രോഗ പ്രതിരോധ ചികിത്സയും നൽകണം. രാത്രി ഒന്നരയ്‌ക്കും പകൽ ഒന്നരയ്‌ക്കുമാണ്‌ യന്ത്രസഹായത്തോടെയുള്ള കറവ. എച്ച്‌എഫ്‌ ജേഴ്‌സി, ഗീർ ഇനങ്ങളിലുള്ളതാണ്‌ പശുക്കൾ. പശുവളർത്തൽ ലാഭകരമായ തൊഴിലാണെങ്കിലും ശ്രദ്ധയോടെയും ഉത്തരവാദിത്വത്തോടെയുമുള്ള അക്ഷീണ പരിശ്രമം ആവശ്യമാണെന്ന്‌  ഷൈൻ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here