മലപ്പുറം :സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതി വഴി ബി.പി.എല്‍ വിഭാഗം വയോജനങ്ങള്‍ക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. അപേക്ഷകന്റെ വിലാസം, തിരിച്ചറിയല്‍ രേഖ, ബാങ്ക് വിവരങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം സ്‌കീമുകള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകന്‍/ അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകന്‍/അപേക്ഷക 60 നോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കണം. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖ, പ്രമേഹ രോഗിയാണെന്ന് സര്‍ക്കാര്‍ എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനില്‍ നിന്നും ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച ബി.പി.എല്‍ പരിധിയില്‍പ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here