മറയൂർ: വന്യ ജീവികൾക്ക് ദാഹജലമൊരുക്കാൻ ബ്രഷ് വുഡ് ചെക്ക്ഡാമുകളൊരുക്കി മറയൂർ സാൻഡൽ ഡിവിഷൻ. വേനൽ കടുത്ത് തീറ്റയും കുടിവെള്ളവുമില്ലാതെ കാട്ടാനക്കൂട്ടമടക്കം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപകമായി ഇറങ്ങി വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി പ്രാവർത്തികമാക്കുന്നത്. മറയൂർ, കാന്തല്ലൂർ റേഞ്ചുകളിലായി 25 ബ്രഷ് വുഡ് ചെക്ക്ഡാമുകളുടെ പണി പൂർത്തീകരിച്ചു. വനംവകുപ്പ് ജീവനക്കാരുടെയും വനസംരക്ഷണ സമിതികളുടെയും നേതൃത്വത്തിൽ ശ്രമദാനമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വനത്തിനുള്ളിൽ പാഴായി കിടക്കുന്ന തടികളും മറ്റും ഉപയോഗിച്ചാണ് ചെക്ക്ഡാമുകൾ പണിയുന്നത്. പഴയ ചെക്ക്ഡാമുകളിൽ നിന്നും മണ്ണും ചെളിയും മാറ്റി കൂടുതൽ വെള്ളം കെട്ടിക്കിടക്കുന്നതിന് സാഹചര്യമൊരുക്കി. വനാതിർത്തികൾക്ക് സമീപം നീരൊഴുക്ക് സാദ്ധ്യതയുള്ള എല്ലാ മേഖലകളിലും വെള്ളം കെട്ടിക്കിടക്കാൻ ആവശ്യമായ രീതിയിലാണ് ഡാമുകളുടെ നിർമ്മാണം. മറയൂർ, കരിമൂട്ടി, നാച്ചി വയൽ, പയസ് നഗർ, വണ്ണാന്തുറൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് ചെക്ക്ഡാമുകളുടെ നിർമ്മാണം നടന്നു വരുന്നത്. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ, റേഞ്ച് ഓഫീസർമാരായ അബ്ജു കെ. അരുൺ, ടി. രഘു ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here