കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകരുതെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നൽകിയ ഹരജി വിധി പറയാൻ മാറ്റി. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ ദിലീപ് നൽകിയ ഹരജി വാദങ്ങൾ പൂർത്തിയായതോടെ വിധി പറയാൻ മാറ്റുകയായിരുന്നു.

ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിനെക്കുറിച്ച് ജില്ല ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ അതിജീവിത ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് അതിജീവിത ഹൈകോടതിയെ സമീപിക്കുകയും മൊഴിപ്പകർപ്പുകളുടെ സർട്ടിഫൈഡ് കോപ്പി നൽകാൻ ഹൈകോടതി ഉത്തരവിടുകയും കോടതി ചെയ്തിരുന്നു. ഇതിനെതിരെ, ദിലീപ് ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

ഒരിക്കൽ തീർപ്പാക്കിയ ഹരജി വീണ്ടും പരിഗണിച്ചത് നിയമവിരുദ്ധമാണെന്നാണ് ദിലീപ് തന്‍റെ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. മാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുന്നുണ്ടെന്നും ഇത് ജുഡീഷ്യറിയെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണെന്നും ദിലീപ് വാദിച്ചിരുന്നു.

എന്നാൽ, തന്‍റെ ആവശ്യപ്രകാരമാണ് ജില്ല ജഡ്ജി അന്വേഷണം നടത്തിയതെന്നും ഹരജിക്കാരി എന്ന നിലയിൽ മൊഴിപ്പകർപ്പുകൾ ലഭിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അതിജീവിത വാദിച്ചു. കേസിൽ പ്രതിയാണ് ദിലീപ്. മൊഴിപ്പകർപ്പുകൾ തനിക്ക് നൽകരുത് എന്ന് പറയാൻ പ്രതിയായ ദിലീപിന് സാധിക്കില്ല. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചത്. തന്‍റെ മൗലികാവകാശം ലംഘിക്കപ്പെട്ടതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അതിജീവിത വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here