പുനലൂർ: വേനൽ രൂക്ഷമായതോടെ തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത് ശുദ്ധജല വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. പുനലൂർ നഗരസഭ പ്രദേശങ്ങൾക്ക് പുറമെ ജപ്പാൻ ,കുണ്ടറ,കുര്യോട്ട്മല തുടങ്ങിയ വൻകിട ജലവിതരണ പദ്ധതികളിലേക്ക് ശുദ്ധ ജലം ശേഖരിക്കുന്നത് പുനലൂർ വഴി കടന്ന് പോകുന്ന കല്ലടയാറ്റിൽ നിന്നാണ്. എന്നാൽ രൂക്ഷമായ ചൂട് കണക്കിലെടുത്ത് അഞ്ച് മാസം മുമ്പേ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ അടച്ചിട്ടിരിക്കുകയാണ്. 115.72 മീറ്റർ പൂർണ സംഭരണ ശേഷിയുള്ളഅണക്കെട്ടിൽ 104.69 മീറ്റർ ജലനിരപ്പാണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയതെന്ന് കല്ലട ഇറിഗേഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ ബീനാകുമാരി പറഞ്ഞു.

ഇപ്പോൾ അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിലെ ഒരു ജനറേറ്ററിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷമുള്ള വെള്ളമാണ് കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നത്. ഇതാണ് ശുദ്ധ ജല വിതരണം മുടങ്ങുമോ എന്ന ആശങ്കയ്ക്ക് മുഖ്യകാരണം. വൈദ്യുതി ഉത്പ്പാദനത്തിന് രണ്ട് ജനറേറ്ററുകൾ ഉള്ള പവർ ഹൗസിൽ ഒരു ജനറേറ്ററുമാത്രമാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. രണ്ട് ജനറേറ്ററുകൾ വഴി 15മെഗാവാൾട്ട് വൈദ്യുതിയായിരുന്ന നേരത്തെ ഉത്പ്പാദിപ്പിച്ചിരുന്നത്. രൂക്ഷമായ ചൂടിനെ തുടർന്നാണ് ഒരു ജനറേറ്ററുമാത്രം പ്രവർത്തിപ്പിക്കുന്നത്.

വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷം ഒഴുക്കി വിടുന്ന വെള്ളം കൊല്ലം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ വേനൽക്കാല കൃഷികൾക്കായി കല്ലട ഇറിഗേഷന്റെ ഇടത്, വലത്കര കനാലുകൾ വഴി കടത്തി വിടുകയാണ്. ഇടത് കര കനാൽ വഴി 2.45 മീറ്റർ ഉയരത്തിലും വലത് കര കനാൽവഴി 2.03 മീറ്റർ ഉയരത്തിലുമാണ് വെള്ളം ഒഴുക്കുന്നത്. അണക്കെട്ടിന്റെ പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി എന്നിവയെല്ലാം വരണ്ടുണങ്ങി. പുനലൂരിലും സമീപപ്രദേശങ്ങളിലും രൂക്ഷമായ ചൂടാണ് കഴിഞ്ഞ രണ്ട് മാസമായി അനുഭവപ്പെടുന്നത്. 39.00 ഡിഗ്രി സെൽഷ്യസ് പകൽ താപ നിലയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 16ന് 39.06 ഡിഗ്രി ചൂടായിരുന്നു. താപനില 40 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here