വയനാട് : ഇതാണ് വോട്ടിങ്ങ് യന്ത്രം. ഇവിടെ അമര്‍ത്തിയാലാണ് വോട്ടാവുക. ആര്‍ക്ക് നേരെയാണോ അമര്‍ത്തുന്നത് അവര്‍ക്കാണ് വോട്ടുകിട്ടുക..വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലെ പ്രത്യേക ബൂത്തില്‍ വോട്ട് ചെയ്യാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കിടയില്‍ രണ്ടായിരുന്നു പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി. പ്രായമുള്ളവരും വനഗ്രാമത്തിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ആശങ്കകള്‍ ദുരീകരിക്കുകയായിരുന്നു ലക്ഷ്യം. കാര്‍ഡ് ബോര്‍ഡിലെ വോട്ടിങ്ങ് യന്ത്രത്തിന്റെ ചിഹ്നങ്ങള്‍ രേഖപ്പെടുത്താത്ത ഡമ്മി മാതൃകകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബൂത്തിന് പുറത്ത് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ബോധവത്കരണം. 1146 വോട്ടുകളുള്ള മുത്തങ്ങയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്കായി വന്യജീവി സങ്കേതത്തിലേക്കുളള പ്രവേശന കവാടത്തിനരികിലായുള്ള മാതൃക തയ്യല്‍ പരിശീലന കേന്ദ്രത്തിലാണ് പോളിങ്ങ് ബൂത്ത് സജ്ജമാക്കിയിരുന്നത്. ഇവിടെ വോട്ട് ചെയ്യാന്‍ രാവിലെ മുതല്‍ തിരക്കുണ്ടായിരുന്നു. കാട്ടുനായ്ക്ക, പണിയ തുടങ്ങിയവര്‍ വോട്ടര്‍മാരായിട്ടുള്ള ഈ കേന്ദ്രത്തില്‍ പൊന്‍കുഴി, കുമിഴി, മാലങ്കാവ് തുടങ്ങി വനഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെയാണ് വോട്ടുചെയ്യാനെത്തിയത്. കര്‍ണ്ണാടകത്തിലും കേരളത്തിലുമായി തൊഴിലിടങ്ങള്‍ വിഭജിക്കുന്ന കോളനിവാസികളില്‍ പ്രായംചെന്നവരില്‍ പലര്‍ക്കും വോട്ടിങ്ങ് യന്ത്രത്തെ അഭിമുഖീകരിക്കാനുള്ള ആശങ്കകളുണ്ടായിരുന്നു. ഇത് വോട്ടെടുപ്പിന് ചെറിയ രീതിയില്‍ കാലതാമസവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലുളള പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും മാതൃകാപരമായിരുന്നു. പൊന്‍കുഴി കോളനിയിലെ മുക്കി, കറുത്ത, കുങ്കി എന്നിവരും കുമിഴി കോളനിയിലെ കൊറ്റിയും ഒരുമിച്ചാണ് വോട്ടു ചെയ്യാനെത്തിയത്. പ്രായത്തിന്റെ അവശതകള്‍ മറന്നും വോട്ടുചെയ്യാനെത്തിയ ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസറായ കെ.വി.ബീനയും സഹായവുമായെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ പ്രത്യേക സുരക്ഷാ ബൂത്തുകളിലൊന്നായിരുന്നു മുത്തങ്ങയിലെ പോളിങ്ങ് ബൂത്തും. തമിഴ്‌നാട് പോലീസ് സേനയിലെ പത്ത് പേരടങ്ങുന്ന സായുധ സേനയും കാടിന്റെ ബൂത്തിന് കാവലായുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here