കോട്ടയം:ലോക്സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകുന്ന കോട്ടയം ജില്ലയിലെ പോളിങ് ബൂത്തുകളിലെ സൗകര്യങ്ങളും സുരക്ഷയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കും വിലയിരുത്തി. വൈക്കം നിയമസഭ നിയോജകമണ്ഡലത്തിലെ പോളിങ് ബൂത്തുകളാണ് സന്ദർശിച്ചത്. വൈക്കം മണ്ഡലത്തിലെ ചെമ്പ് വിജയോദയം യു.പി. സ്‌കൂൾ, ചെമ്മനത്തുകര യു.പി. സ്‌കൂൾ, മുണ്ടാർ തുരുത്തിലെ ഏകബൂത്തായ 48-ാം നമ്പർ അങ്കൺവാടി, കുടവെച്ചൂർ സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, കല്ലറ ശാരദവിലാസിനി യു.പി. സ്‌കൂൾ എന്നീ ബൂത്തുകളാണ് സംഘം സന്ദർശിച്ചത്.പോളിങ് ബൂത്തുകളിലെ സുരക്ഷയും ശുചിമുറി സൗകര്യങ്ങളും ഭിന്നശേഷിക്കാർക്കായുള്ള റാമ്പ് അടക്കമുള്ള സൗകര്യങ്ങളും വിലയിരുത്തി. കടുത്തുരുത്തി ബ്ളോക്ക് പരിധിയിലുള്ള കല്ലറ ഗ്രാമപഞ്ചായത്തിലെ മുണ്ടാർ തുരുത്തിൽ പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും എത്തിക്കുന്നതിന് വള്ളങ്ങൾ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ നിർദേശം നൽകി. മുണ്ടാറിലെ 48-ാം നമ്പർ അങ്കൺവാടിയാണ് 137-ാം നമ്പർ ബൂത്തായി പ്രവർത്തിക്കുന്നത്. 968 വോട്ടർമാരാണ് ഇവിടെയുള്ളത്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, വൈക്കം തഹസീൽദാർ കെ.ആർ. മനോജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here