തിരുവനന്തപുരം: കേരളത്തിൽ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോ‌ർട്ട്. ഒറ്റദിവസം മാത്രം 190 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ മാസം മാത്രം 2,505 മുണ്ടിനീര് കേസുകൾ സ്ഥിരീകരിച്ചു. 11,467 കേസുകളാണ് ഈ വർഷം കണ്ടെത്തിയത്. മലപ്പുറം ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലാണ് ഈ രോഗം കൂടുതലായി വ്യാപിക്കുന്നത്. കേരളത്തിൽ മുണ്ടിനീര് വ്യാപകമാകുന്നതായി കേന്ദ്രമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്താണ് മുണ്ടിനീര്?

പാരമൈക്‌സോവൈറസസ് എന്ന സംഘത്തിൽപ്പെട്ട മംപ്‌സ് വൈറസ് ബാധമൂലമുണ്ടാകുന്ന രോഗമാണ് മുണ്ടിനീര്. കുട്ടികളിലാണ് രോഗം കൂടുതൽ കാണുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. രണ്ട് വയസുമുതൽ 12 വയസുവരെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

ലക്ഷണങ്ങൾ

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് മുണ്ടിനീര് ഉണ്ടാകുന്നത്. ഇത് ചെവിക്കുതാഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശത്തേയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളം ഇറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, പേശി വേദന എന്നിവയുമുണ്ടാകും.

രോഗവ്യാപനം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വായുവിൽ കലർന്ന് രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും.

മുണ്ടിനീര് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കേൾവിത്തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകാനിടയുണ്ട്.

ചികിത്സ

മംപ്‌സ്- മീസിൽസ്- റുബെല്ല വാക്‌സിൻ കുട്ടികൾക്ക് നൽകാവുന്നതാണ്. മുണ്ടിനീരിന് മാത്രമായി പ്രത്യേക വാക്‌സിൻ ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here