കാസർഗോഡ്‌: ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ച് യുണിസെഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രത്യേകം അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളെ നൂതന സാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുന്നതിന് റോബോട്ടിക് കിറ്റ് അടക്കമുള്ള ഉപകരണങ്ങള്‍ നല്‍കിയാണ് പരിശീലനം നല്‍കുന്നത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കൂടുതല്‍ അറിവുള്ളവരാക്കി തീര്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും പുതിയ അറിവുകള്‍ തേടി കണ്ടെത്തുകയും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളും ഉത്തരങ്ങളും നല്‍കാന്‍ ശീലിക്കണമെന്നും വിദ്യാഭ്യാസ രംഗം ആകെ മാറിവരികയാണെന്നും അത് അധ്യാപകരിലും കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്ത് 10 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയങ്ങളില്‍ പുതിയതായി എത്തിയത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 973 സ്‌കൂള്‍ കെട്ടിടങ്ങളില്‍ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ ജി.എച്ച്.എസ്.എസ് പൈവളിഗെ, ജി.യു.പി.എസ് മുളിയാര്‍ മാപ്പിള, ജി.എച്ച്.എസ്.എസ് രാംനഗര്‍, ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റ്, ജി.എച്ച്.എസ്.എസ് ഉപ്പിലിക്കൈ, ജി.എച്ച്.എസ്.എസ് കോട്ടപ്പുറം, ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here