തിരുവല്ല: പത്തനംതിട്ട പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ തിരുവല്ല ബ്ലോക്ക് തിരഞ്ഞെടുപ്പ് പര്യടനം പരുമല ദേവസ്വം ബോർഡ് ജംഗ്ഷൻ നിന്നും ആരംഭിച്ചു. പര്യടനം ആരംഭിക്കുന്നതിനു മുൻപ് മുൻ കോൺഗ്രസ് നേതാവും മണ്ഡലം പ്രസിഡന്റുമായിരുന്ന കെ എം ഗോപാലകൃഷ്ണൻ നായരുടെ പേരിലുള്ള സ്മൃതി മണ്ഡപം ആന്റോ ആൻ്റണി ഉദ്ഘാടനം ചെയ്തു. പര്യടനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാട് കുട്ടിച്ചോറാക്കി എന്ന് പലരും പറഞ്ഞു കേട്ടിട്ട് മാത്രമേയുള്ളൂ എന്നാൽ ഇന്ന് കേന്ദ്രവും കേരളവും ഭരിക്കുന്ന സർക്കാരുകൾ അക്ഷരാർത്ഥത്തിൽ നാട് ഭരിച്ച് മുടിച്ചിരിക്കുകയാണ് എന്ന് പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് മോൺസ് ജോസഫ് എംഎൽഎ പറഞ്ഞു. കേരളത്തിലും കേന്ദ്രത്തിലും ഫാസിസ്റ്റ് ഭരണകൂടങ്ങളെ പുറത്താക്കാനുള്ള നടപടികൾക്ക് ആരംഭം കുറിക്കുന്നതാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ വേണ്ടി കേരളത്തിൽ ഇരുപതിൽ 20 സീറ്റും ഐക്യജനാധിപത്യ മുന്നണിക കിട്ടേണ്ടത് അത്യാപേക്ഷിതമാണ്. ദുരിതം സഹിക്കുന്ന കർഷകർ ഇപ്പോഴും സമരത്തിലാണ് എന്നാൽ കർഷകർക്ക് ഈ ഭരണത്തിൽ യാതൊരുവിധ പങ്കും ഇല്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ എടുത്തിട്ടുള്ളത്. അഴിമതിയുടെ വീരക്കഥകൾക്ക് വേണ്ടി മത്സരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയാണ് നമ്മെ ഭരിക്കുന്നത്. കർഷകൻ ദുരിതത്തിലാണ്, സപ്ലൈകോയിൽ സബ്സിഡി ഇനങ്ങൾ ഒന്നും തന്നെ കിട്ടുവാൻ ഇല്ല, വിലക്കയറ്റം അതിരൂക്ഷം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വെടിയിലൂടെ നാട് ഭരിച്ചു മുടിച്ച ബിജെപിയെയും സിപിഎമ്മിനെയും പുറത്താക്കാൻ ഒരു വോട്ടാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യം ജനാധിപത്യവും നിലനിൽക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണി പറഞ്ഞു. സ്വാതന്ത്ര്യം നമ്മൾ പൊരുതി നേടിയതാണ്. ഭരണഘടന മാറ്റിയെഴുതാൻ കാത്തിരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഉള്ള ശക്തമായ പ്രതിഷേധം ഏപ്രിൽ മാസം 26 തീയതി ബാലറ്റിലൂടെ ഉണ്ടാകണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. കർഷകർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒരു കാരണവശാലും ഇനി ആവർത്തിക്കുവാൻ പാടില്ല അതുകൊണ്ടുതന്നെ കോൺഗ്രസ് നേതൃത്വം നൽകുന്ന, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്തത് കോൺഗ്രസ് ഗവൺമെന്റുകളാണ്, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളിയത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യ മതേതര മനസ്സുകൾ ഒന്നിച്ച് നിന്ന് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തിരുവല്ല നിയമസഭാ ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമൻ, കൺവീനർ എ ഷംസുദ്ദീൻ, കേരള കോൺഗ്രസ് നേതാവ് ജോസഫ് എം പുതുശേരി, കെപിസിസി സെക്രട്ടറി എൻ ഷൈലജ്, യൂത്ത് കോൺഗ്രസ് നേതാവ് റോബിൻ പെരുമല, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോസഫ്, മുൻ ചെയർമാൻ ജയകുമാർ, തിരുവല്ല ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here