ബേക്കൽ: കാരവനിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ജർമ്മൻ ടൂറിസ്റ്റുകൾ ബേക്കൽ റെഡ് മൂൺ ബീച്ചിൽ. കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് 1999 രജിസ്ട്രേഷൻ മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ലോക യാത്ര ആരംഭിച്ചത് 2021 ആഗസ്റ്റിലാണ്. ഇതിന് മുമ്പെയും ഇത്തരം യാത്ര ഇവരൊരുക്കിയിരുന്നു.രണ്ടാം യാത്രയിൽ ജോർദ്ദാൻ, ഇറാൻ, ഇറാക്ക്, കുവൈത്ത്, യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് ഇവർ ഇന്ത്യയിലെത്തിയത്. ഭാര്യ ഹെയ്ക്ക് പിതാവിന് സുഖമില്ലാത്തതിനാൽ മൂന്നാഴ്ച മുമ്പ് ജർമ്മനിയിലേക്ക് മടങ്ങി.

മറ്റൊരു ഫോർഡ് കാറിൽ കാരവനൊരുക്കി ലോക സഞ്ചാരത്തിന് പുറപ്പെട്ട് ഹംഗറി, സെർബിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം വാഗ ബോർഡർ വഴി ഇന്ത്യയിലെത്തിയ ജർമ്മൻകാരായ തീമുർ, ഭാര്യ അനിക, മക്കളായ ലിയ, സിയ എന്നിവർ കാശ്മീർ, ജോധ്പൂർ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ഗോവയിൽ എത്തിയപ്പോൾ കാർസ്റ്റണുമായി പരിചയപ്പെട്ടു. പിന്നീടങ്ങോട്ട് ഇവർ ഒന്നിച്ച് യാത്ര തുടങ്ങി. ഗോവയിൽനിന്നും മംഗളൂരുവിലെത്തിയ ഇവരെ ബേക്കൽ റെഡ് മൂൺ ബീച്ച് പാർക്കിലെ സുരേഷ് ആണ് ബേക്കലിലേക്ക് ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ച് ബേക്കലിലെത്തിയ ഇവർക്ക് റെഡ് മൂൺ ബീച്ച് പാർക്കിൽ കാരവനുകൾ പാർക്ക് ചെയ്യാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു.

ബേക്കൽ വളരെ മനോഹരമാണെന്നും ആളുകൾ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ സംസ്കാരവും രുചികരമായ ഭക്ഷണവും മറക്കാനാവാത്ത അനുഭവമാണെന്നും അവർ കൂട്ടിച്ചേർത്തു. കാരവൻ പാർക്കിനായി ബി.ആർ.ഡി.സിയുടെ ബേക്കൽ ബീച്ച് പാർക്കിൽ നിന്നും ഒരേക്കർ സ്ഥലം കെ.ടി.ഡി.സിക്ക് കൈമാറി സർക്കാർ ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും കാരവൻ പാർക്ക് എന്ന് യാഥാർത്ഥ്യയമാവും എന്ന് ഒരു നിശ്ചയവുമില്ലാത്തപ്പോഴാണ് റെഡ് മൂൺ പാർക്കധികൃതർ കാരവൻ സഞ്ചാരികൾക്ക് സഹായവുമായെത്തിയത്. ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട് ഇവരെ സ്വീകരിക്കാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here