ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചലച്ചിത്രനടനും തിരക്കഥാകൃത്തുമായ രഞ്ജിപണിക്കര്‍ നിര്‍വഹിച്ചു. പിന്നണി ഗായകന്‍ മണി താമര എഴുതി ഈണമിട്ട് പാടിയ ഫെസ്റ്റിന്റെ അവതരണഗാനം പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു.പതാക ഉയര്‍ത്തല്‍, വര്‍ണശബളമായ ഘോഷയാത്ര, ട്രൈബല്‍ ഡാന്‍സ്, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും. അതിവേഗ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജിയുടെ ഷോ, മണി താമരയുടെ ഉള്‍തുടി നാടന്‍പാട്ട്, നാദം കലാവേദിയുടെ നൃത്തം, മനോജ് ഗിന്നസ് നയിക്കുന്ന മ്യൂസിക്കല്‍ കോമഡി നൈറ്റ്, അശോകം വിസ്മയനിശ എന്നിവയാണ് പ്രധാനപരിപാടികള്‍. കാന്തല്ലൂര്‍ പഞ്ചായത്ത്, ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷന്‍, ഡ്രൈവേഴ്‌സ് യൂണിയന്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം. ശാന്തമായ കാലാവസ്ഥയാലും മനോഹരമായ പ്രകൃതിഭംഗിയാലും അനുഗ്രഹീതമായ പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാന്തല്ലൂരിലെ ആപ്പിള്‍ വളരെ പ്രശസ്തമാണ്. ആപ്പിള്‍ താഴ്വരയിലൂടെ നടക്കാനും ആപ്പിള്‍ നേരിട്ട് പറിക്കാനും നിരവധി പേര്‍ ഇവിടെയെത്താറുണ്ട്.

ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാവാറുള്ളത്. ഡിസംബര്‍ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിള്‍ പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍. പേരക്ക, മാതളനാരങ്ങ, സ്‌ട്രോബറി, വെളുത്തുള്ളി എന്നിവയും ഇവിടെ കൃഷി ചെയ്യാറുണ്ട്.കാന്തല്ലൂര്‍ മലനിരകള്‍ വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് മനോഹരമാണ്. കച്ചാരം വെള്ളച്ചാട്ടം, ഇരച്ചില്‍ പാറ വെള്ളച്ചാട്ടം, പെരടി പള്ളം വെള്ളച്ചാട്ടം, കീഴാന്തൂര്‍ വെള്ളച്ചാട്ടം എന്നിവ സഞ്ചാരികളുടെ പ്രിയതാവളങ്ങളാണ്. പുരാതന ശവകുടീരങ്ങളായ മുനിയറകളുടെ താവളമാണിവിടം. വനം വകുപ്പിന്റെ കീഴിലുള്ള ഈ പാര്‍ക്ക് നല്ല ഫോട്ടോ പോയിന്റ് കൂടിയാണ്.

പട്ടിശ്ശേരി ഡാം, കുളച്ചിവയല്‍ പാറകള്‍, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, തുടങ്ങി നിരവധി കാഴ്ചകളാണ് കാന്തല്ലൂരില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. സമീപത്ത് തന്നെയുള്ള ആനമുടിച്ചോല ദേശീയ ഉദ്യാനവും മനോഹരമാണ്. മൂന്നാറും വട്ടവടയുമെല്ലാമാണ് സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

നിരവധി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനായിരുന്നു കാന്തല്ലൂര്‍. ഇവിടുത്തെ പുല്‍മേടുകളും പാറക്കെട്ടുകളും ഏതൊരു സഞ്ചാരിയുടെയും മനം കവരും. പഴശ്ശി പടയോട്ട കാലത്ത് മധുരയില്‍ നിന്നും എത്തിയവരാണ് കാന്തല്ലൂര്‍, കാരയൂര്‍, കീഴാന്തൂര്‍ എന്നീ അഞ്ചുനാടന്‍ ഗ്രാമങ്ങളില്‍ താമസം തുടങ്ങിയത്.പരമ്പരാഗത ജീവിത ശൈലിയും വിശ്വാസവും ഇന്നും മുറുകെ പിടിക്കുന്നവര്‍. കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍. ഈ ഗ്രാമങ്ങളാണ് കാന്തല്ലൂരിന്റെ പ്രധാന ആകര്‍ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here