തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവി (രാജു ജോര്‍ജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്‌റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും പരാതിയുണ്ട്. പ്രതികളെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എന്‍.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്‌റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.

നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് വിവിധ ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്‌സ് വാങ്ങി എന്‍.സി.എസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയില്‍ കരിക്കിനേത്ത് ഉടമക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എന്‍.സി.എസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍.സി.എസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here