തിരുവനന്തപുരം:പെരുവഴിയിൽ കുടുങ്ങിയാൽ മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബിന്റേതുപോലെ ആടുജീവിതത്തിന്‌ വിധിക്കപ്പെടില്ല; ‘112’ മനസ്സിലുണ്ടായാൽ മതി. ഏത്‌ ദുർഘട ഘട്ടത്തിലും താങ്ങായി പൊലീസെത്തും. നജീബിന്റെ കഥ പറയുന്ന ആടുജീവിതം സിനിമയുടെ പശ്ചാത്തലത്തിൽ പോസ്റ്റർ തയ്യാറാക്കിയാണ്‌ പൊലീസ്‌ ഇക്കാര്യം ഓർമിപ്പിക്കുന്നത്‌.അടിയന്തര ഘട്ടത്തിൽ പൊലീസ്‌ ആശ്രയത്തിന്‌ വിളിക്കാവുന്നതാണ്‌  ഹെൽപ്‌ലൈൻ നമ്പറായ 112. സംസ്ഥാനത്ത്‌ എവിടെ നിന്ന്‌ വിളിച്ചാലും പൊലീസ്‌ ആസ്ഥാനത്ത്‌ കിട്ടും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആവശ്യക്കാരൻ വിളിച്ചതിന്‌ ഏറ്റവുമടുത്ത പൊലീസിന്‌ വിവരം കൈമാറും. മിനിറ്റുകൾക്കുള്ളിൽ പൊലീസ്‌ സഹായത്തിനെത്തും.112ൽ വിളിക്കുന്നയാളുടെ ലൊക്കേഷൻ അയാൾ പറയാതെ തന്നെ ലഭ്യമാക്കാൻ ടെലികോം കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്‌. അപരിചിതമായ ഇടങ്ങളിൽ കുടുങ്ങിയവർക്ക്‌ ഇത്‌ പ്രയോജനപ്രദമാകും.പൊലീസിന്റെ സേവനങ്ങൾ കൂടുതൽ ജനകീയമാക്കാനാണ്‌ സിനിമകളുടെ മാതൃകയിൽ പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കി പ്രചരിപ്പിക്കുന്നത്‌. മഞ്ഞുമ്മൽ ബോയ്‌സിലെ ദൃശ്യങ്ങൾ മാതൃകയാക്കിയ വീഡിയോ നേരത്തേ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here