തിരുവനന്തപുരം: സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം തയ്യാറാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുച്ചിക്ക് അനുസരിച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ കാലത്തെ അക്കാദമിക കരിയര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദവും നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലേറെ വിഷയങ്ങളില്‍ താല്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം .

നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേര്‍ന്നോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്‍പന ചെയ്യാന്‍ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലര്‍മാരുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here