ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.ജിമെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2024 ഓഗസ്റ്റ് ഒന്നിന് ജിമെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. ഈ തീയ്യതിക്ക് ശേഷം ഇമെയിലുകള്‍ അയക്കാനോ, സ്വീകരിക്കാനോ, ശേഖരിക്കാനോ സാധിക്കില്ലെന്നും ഇതില്‍ പറയുന്നു. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ജിമെയില്‍ നിര്‍ത്തലാക്കുന്നത് എന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു.

എക്‌സിലും ടിക് ടോക്കിലുമെല്ലാം വ്യാപകമായി ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടു. ജെമിനിയുടെ ഇമേജ് ടൂളിനെതിരെയുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ഇതെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്ററുമായുള്ള വിവാദങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്. ‘ജെമെയില്‍ ഇവിടെ തന്നെയുണ്ടാവും’ എന്ന് ഗൂഗിള്‍ പറഞ്ഞു. അതേസമയം ജിമെയിലിന്റെ എച്ച്ടിഎംഎല്‍ പതിപ്പ് ഈ വര്‍ഷം നിര്‍ത്തലാക്കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കുറഞ്ഞ ഇടങ്ങളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎല്‍ വേര്‍ഷന്‍ ഉപയോഗിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here