വർക്കല : ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിൽ വലിയ വികസന പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്. വർക്കല താലൂക്ക് ആശുപത്രിയിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കാൻ പോവുകയാണ്. ഇത്രയും വലിയ തുക താലൂക്ക് ആശുപത്രികൾക്ക് വേണ്ടി ചിലവഴിക്കുന്നത് ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കണമെന്ന സർക്കാരിൻ്റെ നയം അനുസരിച്ചാണ്. താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങൾ ലഭ്യമാകണം എന്നതാണ് സർക്കാരിൻ്റെ കാഴ്ചപ്പാട്. ഈ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് കിഫ്ബിയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

7.05 കോടി രൂപ ചെലവിൽ നിർമിച്ച മൂന്ന് നിലയുളള കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ അത്യാഹിത വിഭാഗവും ല ബോറട്ടറി, എക്സ്റെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ് ), 19 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സാപദ്ധതിയായ ആർ.ബി.എസ്.കെ/ ആരോഗ്യ കിരണം കൂടാതെ പ്രസവശേഷം അമ്മയേയും, നവജാതശിശുവിനെയും വീട്ടിൽ എത്തിക്കുന്ന സൗജന്യയാത്രാ പദ്ധതിയായ മാതൃയാനം എന്നിവയുടെ കൗണ്ടറും പ്രവർത്തിക്കുന്നു.

രണ്ടാം നിലയിലെ ഒ.പി ബ്ലോക്കിൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.റ്റി, ഡെന്റൽ വിഭാഗം, ഡയബറ്റിക് രോഗികളുടെ വിദഗ്‌ധപരിശോധനയ്ക്കുള്ള 360 ഡിഗ്രി മെറ്റബോളിക് സെൻ്റർ എന്നിവയും പ്രവർത്തിക്കുന്നു. പ്രതിരോധകുത്തിവയ്പു‌കളും, കുട്ടികൾക്കായുളള സ്ക്രീനിംഗ് ടെസ്റ്റുകളും നടത്താനുള്ള സൗകര്യവും ഉണ്ട്.

മൂന്നാം നിലയിൽ സ്ത്രീകൾക്കും, പുരുഷൻമാർക്കുമുള്ള മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, കുട്ടികൾക്കായുള്ള പീഡിയാട്രിക് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമേ ടെറസ്സിൽ വൈദ്യുതിയുടെ ഉപയോഗത്തി നായി സോളാർ പാനലും ഘടിപ്പിച്ചിട്ടുണ്ട്. 250 കെ.വി ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡി. സജിത്ത് ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ റീന കെ. ജെ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here