കഴക്കൂട്ടം: റെയിൽവേ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഷോക്കേറ്റു.ഛത്തീസ്ഗഡ് സ്വദേശികളും കരാർ തൊഴിലാളികളുമായ പീലാറാവു (25), തുളസി (25) എന്നിവരെ ഗുരുതര പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാൾക്ക് 80 ശതമാനവും മറ്റെയാൾക്ക് 60 ശതമാനവും പൊള്ളലേറ്റു.
കഴക്കൂട്ടം മേനംകുളത്തെ റെയിൽവേ ട്രാക്കിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം.പോസ്റ്റ് ഉയർത്തുമ്പോൾ മുകളിലൂടെ കടന്നുപോകുന്ന 25000 വോൾട്ട് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. താഴെ നിന്ന ഇരുവരും ദൂരെക്ക് തെറിച്ചുവീഴുകയായിരുന്നു. റെയിൽവേ സ്പെഷൽ ഇന്റലിജൻസ് വിഭാഗം സ്ഥലം പരിശോധിച്ചു. ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.