ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) തട്ടിപ്പുകൾ നടത്തിയാൽ ഉത്തരവാദികളെ ശിക്ഷിക്കാൻ നിയമമുണ്ടോയെന്ന്‌ സുപ്രീംകോടതി. മുഴുവൻ ഇവിഎം വോട്ടുകളും വിവിപാറ്റ്‌ സ്ലിപ്പുകളും ഒത്തുനോക്കണമെന്ന ഹർജികൾ പരിഗണിക്കവേയാണ്‌ സുപ്രീംകോടതി തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ഈ ചോദ്യമുന്നയിച്ചത്‌. ചൊവ്വാഴ്‌ച ജസ്റ്റിസ്‌ സഞ്‌ജീവ്‌ഖന്ന അധ്യക്ഷനായ ബെഞ്ച്‌ രണ്ട്‌ മണിക്കൂറോളം ഈ വിഷയത്തിൽ വാദംകേട്ടു. ഇതിനുശേഷം ഹർജി പരിഗണിക്കുന്നത്‌ വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റി. വെള്ളിയാഴ്‌ചയാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ആരംഭിക്കുന്നത്‌.

‘എന്തെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന്‌ കരുതുക. അങ്ങനെയെങ്കിൽ, ഉത്തരവാദികൾക്കെതിരെ എന്ത്‌ നടപടിയാണ്‌ സ്വീകരിക്കുക. തെറ്റായി എന്തെങ്കിലും ചെയ്‌താൽ വലിയ ശിക്ഷയുണ്ടാകുമെന്ന ഭയം ഉണ്ടാകേണ്ടതുണ്ട്‌’–- ജസ്റ്റിസ്‌ ദീപാങ്കർദത്ത കൂടി അംഗമായ സുപ്രീംകോടതി ബെഞ്ച്‌ നിരീക്ഷിച്ചു. ഈ ചോദ്യം ഉന്നയിച്ചതിലൂടെ നിലവിലെ സംവിധാനത്തിൽ കോടതിക്ക്‌ സംശയങ്ങളുണ്ടെന്ന വ്യാഖ്യാനത്തിന്റെ ആവശ്യമില്ലെന്നും കോടതി വിശദീകരിച്ചു.

‘സാധാരണഗതിയിൽ, മനുഷ്യരുടെ ഇടപെടലുകൾ പ്രശ്‌നങ്ങളുണ്ടാക്കാം.അബദ്ധങ്ങളും കുഴപ്പങ്ങളുണ്ടാക്കാം. കരുതിക്കൂട്ടി  ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ശ്രമവും കാര്യങ്ങൾ അവതാളത്തിലാക്കും. ഇത്തരം ആശങ്ക പരിഹരിക്കാനുള്ള ശുപാർശകളുണ്ടെങ്കിൽ അത്‌ കോടതിയിൽ സമർപ്പിക്കാം’–- സുപ്രീംകോടതി തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ നിർദേശിച്ചു.

ഇവിഎമ്മിന്‌ പകരം ബാലറ്റ്‌പേപ്പർ സംവിധാനത്തിലേക്ക്‌ മടങ്ങണമെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. അതേസമയം, സ്വതന്ത്ര സാങ്കേതികസംഘങ്ങൾ രൂപീകരിച്ച്‌ വോട്ടിങ് യന്ത്രങ്ങൾ പരിശോധിക്കുന്ന കാര്യം പരിഗണിച്ച്‌ കൂടേയെന്ന്‌ സുപ്രീംകോടതി തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ചോദിച്ചു. എല്ലാ പോളിങ്‌ബൂത്തിലും സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടോയെന്നും കോടതി അന്വേഷിച്ചു. 50 ശതമാനം പോളിങ്‌ബൂത്തുകളിൽ സിസിടിവിയുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here