ന്യൂഡൽഹി: മാർച്ച് 09, 2024പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികള്‍ ആരോഗ്യം, എണ്ണ, വാതകം, റെയില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്നു.സദസിനെ അഭിസംബോധന ചെയ്യവേ, ചടങ്ങില്‍ സന്നിഹിതരായ വന്‍ ജനക്കൂട്ടത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും സംസ്ഥാനത്തെ 200 വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് 2 ലക്ഷം പേര്‍ ചേര്‍ന്നതിനെക്കുറിച്ചു പറയുകയും ചെയ്തു. കോലാഘാട്ടിലെ ജനങ്ങള്‍ ആയിരക്കണക്കിന് ദീപങ്ങള്‍ തെളിച്ചതും ശ്രീ മോദി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ് തന്റെ ഏറ്റവും വലിയ സമ്പത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, പാര്‍പ്പിടം, പെട്രോളിയം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ന് ഏകദേശം 17,500 കോടി രൂപയുടെ രാഷ്ട്ര വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്ത അദ്ദേഹം ഇത് അസമിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് പറഞ്ഞു.കാസീരംഗ ദേശീയോദ്യാനത്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, അതുല്യമായ ദേശീയോദ്യാനവും കടുവാ സങ്കേതവുമാണതെന്നു പറയുകയും യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശമായ അതിന്റെ ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും ആകര്‍ഷകത്വത്തിന് അടിവരയിടുകയും ചെയ്തു. ‘ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളില്‍ 70 ശതമാനവും കാസീരംഗയിലാണ്’ – അദ്ദേഹം പറഞ്ഞു. ബാരസിംഗ മാന്‍, കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളെ കണ്ടെത്തിയ അനുഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അശ്രദ്ധയും കുറ്റകരമായ കൂട്ടുകെട്ടും കാരണം കാണ്ടാമൃഗം വംശനാശഭീഷണിയിലായതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2013ല്‍ ഒരു വര്‍ഷം കൊണ്ട് 27 കാണ്ടാമൃഗങ്ങളെ വേട്ടയാടിയ സംഭവം ഓര്‍മിപ്പിച്ചു. ഗവണ്‍മെന്റിന്റെ ശ്രമഫലമായി 2022ല്‍ ഈ എണ്ണം പൂജ്യമായി കുറഞ്ഞു. കാസീരംഗയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അസമിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, ദേശീയ ഉദ്യാനം സന്ദര്‍ശിക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു.ധീര ലാചിത് ബര്‍ഫൂകന്റെ അതിമനോഹരമായ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു, ”വീരനായ ലാചിത് ബര്‍ഫൂകന്‍ അസമിന്റെ വീര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ്” – അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ 400-ാം ജന്മവാര്‍ഷികം 2002-ല്‍ ന്യൂഡല്‍ഹിയില്‍ ഏറെ ആര്‍ഭാടത്തോടെയും ബഹുമാനത്തോടെയും ആഘോഷിച്ചത് അനുസ്മരിച്ച അദ്ദേഹം,  ധീരയോദ്ധാവിനു പ്രണാമമര്‍പ്പിക്കുകയും ചെയ്തു.’വികാസ് ഭി ഔര്‍ വിരാസത് ഭി’ അഥവാ വികസനവും പൈതൃകവുമാണ് ഞങ്ങളുടെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ തത്വമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യം, ആരോഗ്യം, ഊര്‍ജം എന്നീ മേഖലകളില്‍ അസം അതിവേഗം കുതിച്ചുയരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എയിംസ്, ടിന്‍സുകിയ മെഡിക്കല്‍ കോളേജ്, ശിവസാഗര്‍ മെഡിക്കല്‍ കോളേജ്, ജോര്‍ഹാട്ടിലെ അര്‍ബുദ ആശുപത്രി തുടങ്ങിയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ അസമിനെ മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ഊര്‍ജ ഗംഗാ യോജനയ്ക്ക് കീഴിലുള്ള ബറൗനി – ഗുവാഹാട്ടി പൈപ്പ് ലൈന്‍ രാജ്യത്തിന് സമര്‍പ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗ്യാസ് പൈപ്പ്ലൈന്‍ വടക്കുകിഴക്കന്‍ ഗ്രിഡിനെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്നും 30 ലക്ഷം വീടുകളിലേക്കും 600 ലധികം സിഎന്‍ജി സ്റ്റേഷനുകളിലേക്കും വാതകം എത്തിക്കാന്‍ സഹായിക്കുമെന്നും അതുവഴി ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ 30 ലധികം ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഡിഗ്‌ബോയ് എണ്ണശുദ്ധീകരണശാലയുടെയും ഗുവാഹാട്ടി എണ്ണശുദ്ധീകരണശാലയുടെയും  വിപുലീകരണത്തിന്റെ ഉദ്ഘാടനത്തെ കുറിച്ച് സംസാരിക്കവെ, അസമിലെ എണ്ണശുദ്ധീകരണശാലകളുടെ ശേഷി വിപുലീകരിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം മുന്‍ ഗവണ്‍മെന്റുകള്‍ അവഗണിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ അസമിലെ എണ്ണശുദ്ധീകരണശാലകളുടെ മൊത്തം ശേഷി ഇരട്ടിയാക്കും, നുമാലീഗഢ് എണ്ണശുദ്ധീകരണശാലയുടെ ശേഷി മൂന്നിരട്ടിയാകുമെന്നും അദ്ദേഹംപറഞ്ഞു. ‘വികസന ലക്ഷ്യങ്ങള്‍ ശക്തമാകുമ്പോഴാണ് ഏതൊരു പ്രദേശത്തിന്റെയും വികസനം അതിവേഗം നടക്കുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ന് പക്കാ വീട് ലഭിച്ച 5.5 ലക്ഷം കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ വീടുകള്‍ വെറും വീടുകൾ മാത്രമല്ലെന്നും ശുചിത്വമുറി, ഗ്യാസ് കണക്ഷന്‍, വൈദ്യുതി, പൈപ്പ് വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 18 ലക്ഷം കുടുംബങ്ങള്‍ക്ക് ഇത്തരം വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ ഭൂരിഭാഗം വീടുകളും സ്ത്രീകളുടെ പേരിലായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.അസമിലെ ഓരോ സ്ത്രീയുടെയും ജീവിതം സുഗമമാക്കാനും അവരുടെ സമ്പാദ്യം മെച്ചപ്പെടുത്താനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഇന്നലെ വനിതാ ദിനത്തില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 100 രൂപ കുറച്ചതും പരാമര്‍ശിച്ചു. ആയുഷ്മാന്‍ കാര്‍ഡുകള്‍ പോലുള്ള പദ്ധതികളും സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ട്. ജല്‍ ജീവന്‍ മിഷന്റെ കീഴില്‍, അസമിലെ 50 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് ജല കണക്ഷനുകള്‍ ലഭിച്ചു. 3 കോടി ലാഖ്പതി ദീദിമാരെ സൃഷ്ടിക്കാനുള്ള തന്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു.അസമില്‍ 2014 ന് ശേഷം ഉണ്ടായ ചരിത്രപരമായ പരിവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, 2.5 ലക്ഷത്തിലധികം ഭൂരഹിതരായ സ്വദേശികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയതും ഏകദേശം 8 ലക്ഷത്തോളം തേയിലത്തോട്ട തൊഴിലാളികളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചത് അവരുടെ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിലേക്ക് നയിച്ചതും സൂചിപ്പിച്ചു. ഇത് ഇടനിലക്കാര്‍ക്ക് മുന്നിലുള്ള എല്ലാ വാതിലുകളും അടച്ചതായും പ്രധാനമന്ത്രി പറഞ്ഞു.”വടക്കുകിഴക്കന്‍ മേഖലയുടെ വികസനം വികസിത ഭാരത്തിന് അനിവാര്യമാണ്”, പ്രധാനമന്ത്രി പറഞ്ഞു. ”വടക്കുകിഴക്കന്‍ പ്രദേശങ്ങളെ മുഴുവന്‍ മോദി തന്റെ കുടുംബമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികളിലേക്കും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. സരാഘട്ടിലെ പാലം, ധോല-സാദിയ പാലം, ബോഗിബീല്‍ പാലം, ബരാക് വാലി വരെ റെയില്‍വേ ബ്രോഡ് ഗേജ് നീട്ടല്‍, ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്ക്, ജോഗിഘോപ, ബ്രഹ്‌മപുത്ര നദിയിലെ രണ്ട് പുതിയ പാലങ്ങള്‍, 2014-ല്‍ അസമില്‍ ഒന്നുണ്ടായിരുന്നിടത്ത് വടക്കുകിഴക്കിലെ ഇന്നത്തെ 18 ജലപാതകള്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഈ പദ്ധതികള്‍ മേഖലയില്‍ പുതിയ സാദ്ധ്യതകള്‍ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. വിപുലീകരിച്ച വ്യാപ്തിയോടെ പുതിയ രൂപത്തില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച ഉന്നതി പദ്ധതിയും അദ്ദേഹം പരാമര്‍ശിച്ചു. ചണത്തിന്റെ തറവിലയും മന്ത്രിസഭ വര്‍ദ്ധിപ്പിച്ചു, ഇത് സംസ്ഥാനത്തെ ചണ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും.ജനങ്ങളുടെ സ്‌നേഹത്തിനും വാത്സല്യത്തിനും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഓരോ ഇന്ത്യക്കാരനും തന്റെ കുടുംബമാണെന്നും പറഞ്ഞു. ”ഇന്ത്യയിലെ 140 കോടി പൗരന്മാരും തന്റെ കുടുംബമാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് മാത്രമല്ല, രാവും പകലും അവരെ സേവിക്കുന്നതുകൊണ്ടാണ് ജനങ്ങൾ തങ്ങളുടെ സ്‌നേഹം മോദിക്ക് മേല്‍ ചൊരിയുന്നത്”, ഇന്നത്തെ സന്ദര്‍ഭം ഈ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പശ്ചാത്തലത്തിലാകെ മുഴങ്ങിയ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉരുവിട്ടുകൊണ്ടും ഇന്നത്തെ വികസന പദ്ധതികള്‍ക്ക് പൗരന്മാരെ അഭിനന്ദിച്ചുകൊണ്ടും അദ്ദേഹം പ്രസം​ഗം ഉപസംഹരിച്ചു.അസം മുഖ്യമന്ത്രി ഡോ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.പശ്ചാത്തലംശിവസാഗറിലെ മെഡിക്കല്‍ കോളേജും ആശുപത്രിയും, ഗുവാഹാട്ടിയിലെ ഹെമറ്റോ-ലിംഫോയിഡ് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടല്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കായുള്ള പ്രധാനമന്ത്രിയുടെ വികസന മുന്‍കൈ (പി.എം-ഡിവൈന്‍) പദ്ധതിക്കു കീഴില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഡിഗ്‌ബോയ് എണ്ണശുദ്ധീകരണശാലയുടെ ശേഷി 0.65 ല്‍നിന്ന് 1 എം.എം.ടി.പി.എ (പ്രതിവര്‍ഷം ദശലക്ഷം മെട്രിക് ടണ്‍) ആയി വര്‍ദ്ധിപ്പിക്കല്‍; ഗുവാഹത്തി എണ്ണശുദ്ധീകരണ ശാലയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ (1.0 ല്‍ നിന്ന് 1.2 എം.എം.ടി.പി.എ ആയി) എന്നിവയോടൊപ്പം കാറ്റലിറ്റിക് റിഫോര്‍മിങ് യൂണിറ്റ് (സി.ആര്‍.യു) സ്ഥാപിക്കല്‍; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ബേട്കുച്ചി (ഗുവാഹാട്ടി) ടെര്‍മിനലിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി എണ്ണ-വാതക മേഖലയിലെ സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.ടിന്‍സുകിയയിലെ പുതിയ മെഡിക്കല്‍ മെഡിക്കല്‍ കോളേജും ആശുപത്രിയും; ഏകദേശം 3,992 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 718 കിലോമീറ്റര്‍ നീളമുള്ള ബറൗണി – ഗുവാഹത്തി പൈപ്പ് ലൈന്‍ (പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗ പദ്ധതിയുടെ ഭാഗം) എന്നിവ പോലുള്ള സുപ്രധാന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന് (പി.എംഎ.വൈ-ജി) കീഴില്‍ ഏകദേശം 8,450 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 5.5 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.അസമിലെ ധൂപ്ധാര-ഛയ്ഗാവ് സെക്ഷന്‍ (ന്യൂ ബോംഗൈഗാവ് – ഗുവാഹത്തി വഴി ഗോള്‍പാര ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ഭാഗം), ന്യൂ ബോംഗൈഗാവ് – സോര്‍ബോഗ് സെക്ഷന്‍ (ന്യൂ ബോംഗൈഗാവ് – അഗ്‌തോരി ഇരട്ടിപ്പ് പദ്ധതിയുടെ ഭാഗം) എന്നിവയുള്‍പ്പെടെ അസമില്‍ 1300 കോടിയിലധികം രൂപയുടെ പ്രധാനപ്പെട്ട റെയില്‍വേ പദ്ധതികളുടെ രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here