ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല.1919 ഏപ്രിൽ 13. സിഖുകാരുടെ വൈശാഖി ഉത്സവ ദിനത്തിൽ റൗലറ്റ് ആക്റ്റ് എന്ന കരിനിയമവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ, അമൃത്സറിലുള്ള ജാലിയൻവാലാബാഗ് മൈതാനത്ത് ഒരു പൊതുയോഗം സംഘടിപ്പിച്ചു. നാല് ഭാഗവും കെട്ടിടങ്ങൾക്ക് നടുവിലുള്ള വിശാലമായ മൈതാനമാണ് ജാലിയൻവാലാബാഗ്. മൈതാനത്തിനു ചുറ്റും ഉയർന്ന മതിൽക്കെട്ട്. അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരു ചെറിയ ഗേറ്റ് മാത്രം.

പ്രതിഷേധയോഗം തനിക്കെതിരാണെന്ന് കരുതിയ ജനറൽ റെജിനാൾഡ് ഡയർ സൈന്യവുമായി മൈതാനത്തേക്കുവന്ന് ജനക്കൂട്ടത്തെ വളഞ്ഞു. പുറത്തേക്കുള്ള വഴി തടഞ്ഞുനിന്നിരുന്ന സൈന്യത്തോട് ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാൻ ഡയർ ആജ്ഞാപിച്ചു. പത്ത് മിനിറ്റോളം നീണ്ട വെടിവെയ്പിൽ നിന്ന് രക്ഷപ്പെടാനാകാതെ നിരവധി പേർ മൈതാനത്ത് മരിച്ചുവീണു. ഒടുവിൽ വെടിയുണ്ട തീർന്നപ്പോൾ ആയിരുന്നു വെടിവയ്പ്പിന് ശമനമുണ്ടായത്

വെടിവയ്പിൽ 537 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളനുസരിച്ച് മരണം ആയിരത്തിലേറെയാണ്. മൃതദേഹങ്ങൾ നീക്കം ചെയ്യാനോ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനോ കഴിയാത്ത വിധം പട്ടണത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിലിലെ കൊടുംചൂടിൽ വെള്ളം പോലും ലഭിക്കാതെ പൊരിവെയിലിൽ കിടന്ന് രക്തം വാർന്നാണ് പരുക്കേറ്റവരിലേറെയും മരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും വേദനിക്കുന്ന മുറിപ്പാടാണ് ജാലിയൻവാലാബാഗ്.

LEAVE A REPLY

Please enter your comment!
Please enter your name here