പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ശിക്ഷ ലഭിക്കാതെ പോയത് മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. 2005 ഏപ്രിൽ 17നാണ് സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടത്. കട്ടിലിൽ രക്തം വാർന്ന് മരിക്കാറായ അവസ്ഥയിൽ കണ്ടെത്തിയിട്ടും കട്ടിലിൽ നിന്നു വീണു മരണമടഞ്ഞതാണെന്ന് പറഞ്ഞ മഠാധികൃതരുടെ നടപടി ദുരൂഹമാണ്. അന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽപോലും തലയോട് തകർന്ന വിവരം കണ്ടെത്താൻ സാധിക്കുമായിരുന്നു. അന്ന് പോസ്റ്റ്മോർട്ടവും ചെയ്തിരുന്നില്ല. അന്നേ ദിവസം 70000 രൂപ മോഷണം പോയിട്ടും മൗനം പാലിക്കുകയായിരന്നു. പിന്നീട് മോഷണം സംബന്ധിച്ച പരാതി നൽകിയെങ്കിലും തിടനാട് പോലീസ് അന്വേഷണത്തിൽ ശുഷ്കാന്തി കാണിച്ചില്ല. മഠത്തിനു സമീപത്തെ ഏതാനുംപേരെ ചോദ്യം ചെയ്ത പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ സിസ്റ്റർ ജോസ് മരിയ താമസിച്ചിരുന്ന മുറി പെയ്റ്റു ചെയ്തു തെളിവുകൾ നശിപ്പിക്കുകയും ചെയ്തു.

പിന്നീട് പാലായിൽ സിസ്റ്റർ അമല കൊല്ലപ്പെട്ടപ്പോൾ രൂപീകരിച്ച എബി ജെ ജോസ് കൺവീനറായി രൂപീകരിച്ച ആക്ഷൻ കൗൺസിലാണ് ജോസ് മരിയയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകിയത്. സിസ്റ്റർ അമലയുടെയും സിസ്റ്റർ ജോസ് മരിയയുടെയും മരണങ്ങൾ സമാന രീതിയിൽ ആണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. തുടർന്നു സിസ്റ്റർ അമല കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതേത്തുടർന്നു പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ സിസ്റ്റർ ജോസ് മരിയയുടെ കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്തുകയും കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

മഠാധികൃതരുടെയും പോലീസിൻ്റെയും അനാസ്ഥയാണ് തെളിവുകൾ നഷ്ടപ്പെടാനും നശിപ്പിക്കപ്പെടാനും ഇടയായതും പ്രതിയിലേയ്ക്ക് എത്തപ്പെടാൻ സാധിക്കാതെ പോയതെന്നും എബി ജെ ജോസും സാംജി പഴേപറമ്പിലും പറഞ്ഞു. സ്വഭാവിക മരണമെന്ന നിലയിൽ കരുതപ്പെട്ടിരുന്ന സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്താൻ ആക്ഷൻ കൗൺസിലിൻ്റെ ഇടപെടലാണ് കാരണമെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here