തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം.

ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്.

2022 ഒക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ആണ്‍സുഹൃത്തായിരുന്ന ഷാരോണിന് പ്രതിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോണ്‍ ഒടുവില്‍ മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here